പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി പ്രാഥമിക തലത്തിൽ ഒരു അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി. സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും പൂർവ്വവിദ്യാര്ഥികളുടെയും സാന്നിധ്യത്തിൽ പൊതുസമൂഹത്തിനു മുൻപിൽ ഫെബ്രുവരി 16-ന് സമർപ്പിക്കപ്പെട്ടു.
മികച്ച നേട്ടം കൈവരിക്കുന്നതിനായി അക്കാദമിക മാസ്റ്റർപ്ലാനിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ലക്ഷ്യ (അക്കാദമികം), ദിശ (തൊഴിൽപരമായ പദ്ധതികൾ), റെയിൻബോ (ഹൈടെക്ക് പദ്ധതികൾ), സർഗ്ഗവേള (കലാ-കായിക പദ്ധതികൾ), വെളിച്ചം (കോ-കറിക്കുലർ പദ്ധതികൾ), ഹരിതം (പരിസ്ഥിതി പദ്ധതികൾ), ഡ്യൂ ഡ്രോപ്പ്സ് (സാംസ്കാരിക പദ്ധതികൾ), ഹോപ്പ് (സാമൂഹിക പദ്ധതികൾ), ഇൻഫ്രാ (ഭൗതിക പദ്ധതികൾ) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
അക്കാദമിക പ്രവർത്തനങ്ങൾ:
‘ലക്ഷ്യ’ എന്ന പേരുള്ള അക്കാദമികപദ്ധതിയിൽ കുട്ടികളെ അവരുടെ പഠനനിലവാരത്തിനനുസരിച്ച് പിയർഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും അനുയോജ്യവും ആവശ്യവുമായ മെറ്റീരിയൽസ് നൽകുന്നു. എല്ലാ മാസവും നിശ്ചിത പാഠഭാഗങ്ങളിൽ സീരീസ് പരീക്ഷകൾ നടത്തി പഠനപുരോഗതി ക്ലാസ് പി.ടി.എ. വിളിച്ച് വിലയിരുത്തുന്നു. സ്‌കൂളിൽ നടപ്പിലാക്കിയിട്ടുള്ള 'ട്യൂട്ടർ സംവിധാനം' വഴി ഓരോ കുട്ടിയുടെയും കുടുംബ, സാമൂഹിക, പഠന പശ്ചാത്തലങ്ങൾ അടുത്തറിയാനും ആവശ്യമായ എല്ലാ പിന്തുണയും നൽകുവാനും സാധിക്കുന്നു.
ഭൗതിക സാഹചര്യങ്ങൾ:
‘ഇൻഫ്രാ’ എന്ന് പേരുള്ള ഭൗതിക വികസനപദ്ധതി പ്രകാരം എല്ലാ ക്ലാസ്മുറികളും വൊക്കേഷണൽ ലാബുകളും വരാന്തയും ടൈൽ ചെയ്യുകയും ക്ലാസ്മുറികൾ ഹൈടെക് ആക്കുകയും ചെയ്തിരിക്കുന്നു. പഠനം കൂടുതൽ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമാക്കാൻ വേണ്ടി മുഴുവൻ ക്ലാസ്മുറികളിലും ലാപ്ടോപ്പ്, പ്രൊജക്ടർ, ഇന്റർനെറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി ഒരു ലൈബ്രറിയും റീഡിങ് കോർണറും ഒരുക്കിയിരിക്കുന്നു.
പഠനപരിപോഷണ പരിപാടികൾ:
വിദ്യാർത്ഥികൾക്ക് പ്രതികൂലമായ ജീവിത-പഠന സാഹചര്യങ്ങളിൽ പതറാതെ മുന്നോട്ട് പോകുവാനും ആത്മവിശ്വാസത്തോടു കൂടി മുന്നേറി വിജയം കൈവരിക്കുന്നതിനുമായി മോട്ടിവേഷൻ ക്ലാസുകൾ നടത്തുന്നു. കൂടാതെ രക്ഷിതാക്കൾക്ക് അവബോധം നൽകുന്നതിനായി പോസിറ്റീവ് പാരന്റിങ് ക്ളാസുകളും നൽകുന്നു.
സാമൂഹിക പങ്കാളിത്തവും വിഭവ പിന്തുണയും:
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനായി ‘ഡ്യൂ ഡ്രോപ്‌സ്’ എന്ന പേരിൽ ഒരു സാംസ്കാരിക പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ‘ഗ്രീൻ പ്രോട്ടോക്കോൾ’ എന്ന പാരിസ്ഥിതിക നിയമാവലി ഉൾക്കൊണ്ടു കൊണ്ട് വിദ്യാർത്ഥികൾ നല്ല രീതിയിൽ സ്‌കൂളിലും ക്ലാസ്മുറികളിലും വേസ്റ്റ് ഡിസ്പോസൽ മാനേജ്‌മെന്റ് ചെയ്തു വരുന്നു. വർഷത്തിലെ പ്രധാന ദിനങ്ങൾ സ്മരിക്കുകയും അനുബന്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
അക്കാദമിക പിന്തുണാ സംവിധാനം:
കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി സ്‌കൂളിൽ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിവരുന്നു. അക്കാദമിക പ്രവർത്തനങ്ങൾ വിവിധതലങ്ങളിൽ വിലയിരുത്തപ്പെടുകയും ചെയ്യുന്നു. കൂടാതെ മുനിസിപ്പാലിറ്റി, എം.എൽ.എ. എന്നിവരുടെ ക്രിയാത്മകമായ ഇടപെടലുകളും പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നു.