Sunday, October 23, 2022

"കൂടെ" - ക്യാമ്പ് റിപ്പോർട്ട്

"കൂടെ" - ദ്വിദിന സഹവാസ ക്യാമ്പ് ഒക്ടോബർ 22, ശനിയാഴ്ച ആരംഭിച്ചു. പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാൻ പി. ഷാജി ലഹരിവിരുദ്ധജ്വാല കൊളുത്തി വളണ്ടിയേഴ്സിന് പകർന്നുനൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ആസൂത്രണസമിതി  ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ, പി.ടി.എ. ഭാരവാഹികൾ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് നസീൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ രാജീവ് ബോസ് സ്വാഗതവും വളണ്ടിയർ ലീഡർ നിവേത് നന്ദിയും പറഞ്ഞു. പ്രോഗ്രാം ഓഫീസർ റെസ്മ.പി ക്യാമ്പ് പ്രോജക്റ്റുകൾ അവതരിപ്പിച്ചു. ലഹരിവിരുദ്ധ സെൽഫി ബൂത്ത് ചെയർമാൻ സെൽഫിയെടുത്ത് ഉദ്ഘാടനം ചെയ്തു.

വൈകുന്നേരം ഏഴുമണിക്ക് വളണ്ടിയർമാർക്കുള്ള "ഐസ് ബ്രേക്കിംഗ് സെഷൻ" നയിച്ചത് വേങ്ങൂർ എ.എം.എച്ച്.എസ്.സ്കൂളിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായ ശരീഫ് സാറാണ്. വളണ്ടിയേഴ്‌സ് എല്ലാവരും ഉത്സാഹത്തോടെ സെഷനിൽ പങ്കെടുത്തു. വിവിധ ഗെയിമുകളും ആക്ടിവിറ്റികളും സെഷന്റെ ഭാഗമായി നടന്നു. കൾച്ചറൽ പ്രോഗ്രാമോടെ ആദ്യദിനം അവസാനിച്ചു.

ഞായറാഴ്ച (23/19/2022) രാവിലെ ആറ് മണിക്ക് ഉണർന്ന് ക്യാമ്പ് പ്രഭാതകർമ്മങ്ങൾക്ക് ശേഷം മോണിംഗ് എക്സർസൈസും ലഘുകായികവിനോദങ്ങളും പ്രഭാതഭക്ഷണവും കഴിഞ്ഞു ക്യാമ്പ് അസംബ്ലി സംഘടിപ്പിച്ചു. ഇന്നത്തെ ചിന്താവിഷയം, പ്രോജക്ട് അവതരണം എന്നിവയ്ക്കുശേഷം "വയോഹിതം " സർവ്വേക്കായി വളണ്ടിയർമാർ ഗ്രൂപ്പുകളായി തിരിഞ്ഞ് സമീപപ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ചു. വയോജനങ്ങളുമായി കുറച്ചു സമയം ചെലവിട്ട ശേഷം ചോദ്യാവലി പൂരിപ്പിച്ച് വയോജന വികസനരേഖക്കുള്ള  റിപ്പോർട്ട് തയ്യാറാക്കി.

12-മണിയോടെ തിരിച്ചെത്തിയ വളണ്ടിയേഴ്സ് സ്കൂൾ പച്ചക്കറിത്തോട്ടനിർമ്മാണത്തിൽ പങ്കാളികളായി. ഉച്ചഭക്ഷണത്തിനുശേഷം ക്യാമ്പ് ക്ലീനിങ്ങും കഴിഞ്ഞ് ഫീഡ്ബാക്ക് സെഷന് വേണ്ടി ഒത്തുകൂടി. പ്രിൻസിപ്പൽ രാജീവ് ബോസ് ക്യാമ്പ് പേപ്പർ പ്രകാശനം ചെയ്തു. വളണ്ടിയേഴ്സ് ഫീഡ് ബാക്ക് പറഞ്ഞു. ഡയറിയും റിപ്പോർട്ടും മുഴുവനാക്കി ക്യാമ്പ് സമാപിച്ചു.

No comments:

Post a Comment