Saturday, January 14, 2023

പാലിയേറ്റിവ് ഹോം കെയർ

പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ ഭാഗമായി പെരിന്തൽമണ്ണ ഗവ. ഹോസ്പിറ്റൽ പാലിയേറ്റിവ് ക്ലിനിക്കുമായി ചേർന്ന് എൻ.എസ്.എസ്. വളണ്ടിയർമാർ ആഴ്ചയിൽ മൂന്ന് ദിവസം ഹോം കെയർ പോയി തുടങ്ങി. ഓരോ ദിവസവും ഏഴോ എട്ടോ രോഗികളെ സന്ദർശിക്കുകയും അവരുടെ പരിചരണത്തിൽ ഏർപ്പെടുകയും വഴി വളണ്ടിയര്മാരിൽ കിടപ്പു രോഗികളോടുള്ള സഹാനുഭൂതിയും സ്നേഹവും പരിചരണ മനോഭാവവും വളർത്താൻ സാധിക്കുന്നു.

Friday, January 13, 2023

റോഡ് സുരക്ഷാ വാരാചരണം - ജനുവരി 13, 2023

നല്ല ഡ്രൈവിങ് ശീലങ്ങളെക്കുറിച്ചും ലൈസൻസ് എടുക്കുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആക്സിഡന്റ് ഉണ്ടാകുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങളെ കുറിച്ചും പെരിന്തൽമണ്ണ ലീഗൽ സൊസൈറ്റിയുടെ പാനൽ ലോയർ ആയ അഡ്വ. കെ.ടി. അബൂബക്കർ എൻ.എസ്.എസ്. വളണ്ടിയര്മാര്ക്ക് ക്ലാസ് നൽകി. റാപ്പിഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (RAAF) പെരിന്തൽമണ്ണ ചാപ്റ്ററിന്റെ ഭാരവാഹികൾ വളണ്ടിയര്മാര്ക്ക് റോഡ് സുരക്ഷാ ലഘുലേഖകൾ വിതരണം ചെയ്തു.

Thursday, January 12, 2023

ദേശീയ യുവജന ദിനാഘോഷം - ജനുവരി 12, 2023

സ്‌കൂളിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനാഘോഷം നടന്നു. ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വളണ്ടിയർ ലീഡർ ഷിബിന ഷെറിൻ സംസാരിച്ചു. തുടർന്ന് കഥാ, കവിതാ രചനാ മത്സരങ്ങളും പഞ്ചഗുസ്തി, കബഡി തുടങ്ങിയ കായിക മത്സരങ്ങളും നടന്നു. വിദ്യാർത്ഥികളുടെ ഫാഷൻ ഷോയും ആഘോഷത്തിന്റെ ഭാഗമായി നടന്നു.

"സ്പന്ദനം 2022" സുവനീർ പ്രകാശനം

സപ്തദിന സഹവാസ ക്യാമ്പ് അനുഭവങ്ങൾ ഉൾക്കൊള്ളിച്ച് സ്പന്ദനം 2022 എന്ന പേരിൽ സുവനീർ പ്രകാശനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, എൻ.എസ്.എസ്. വളണ്ടിയർമാർ പങ്കെടുത്തു.

Sunday, January 1, 2023

എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് "സ്പന്ദനം" സമാപിച്ചു.

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് "സ്പന്ദനം" സമാപിച്ചു. പട്ടിക്കാട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ഡിസംബർ 26-ന് ആരംഭിച്ച ക്യാമ്പിന്റെ ഭാഗമായി വിവിധ വകുപ്പുകളുമായി ചേർന്ന് സാമൂഹ്യ പ്രാധ്യാന്യമുള്ളതും കാലിക പ്രസക്തവുമായ നിരവധി പ്രോജക്ടുകൾ പൂർത്തിയാക്കി.

"ദൃഢഗാത്രം" പ്രോജക്ടിന്റെ ഭാഗമായി പ്രൈമറി ഹെൽത്ത് സെന്ററുമായി സഹകരിച്ച് സൗജന്യ ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പ്, വനിതാ ശിശുക്ഷേമ വകുപ്പുമായി സഹകരിച്ച് "സമജീവനം" ക്യാംപയിൻ, "സജ്ജം" എന്ന പേരിൽ ഫയർ & റെസ്ക്യൂ സ്റ്റേഷനുമായി സഹകരിച്ച് എമർജൻസി റെസ്‌പോൺസ്‌ ട്രൈനിങ്, മലപ്പുറം ജില്ലാ ട്രോമാകെയറുമായി സഹകരിച്ച് പരിശീലനം ഇവ സംഘടിപ്പിച്ചു. ലഹരിക്കെതിരെ യെല്ലോ ലൈൻ ക്യാംപയിൻ, മെസ്സേജ് മിറർ, "ബോധപൂർവം പുതുവർഷത്തോടൊപ്പം" എന്ന പേരിൽ ലഹരി വിരുദ്ധ സഭ, ലഹരിക്കെതിരെ ജാഗ്രതാ ബോർഡ് സ്ഥാപിക്കൽ ഇവയും ക്യാമ്പിന്റെ ഭാഗമായി നടന്നു.

"സമർപ്പിതം" സെഷനോടനുബന്ധിച്ച് വളന്റിയര്മാര്ക്ക് പാലിയേറ്റീവ് ട്രെയിനിങ് ലഭ്യമാക്കി. അച്ചാർ നിർമ്മാണം, എൻ.ഇ.ഡി. ബൾബ് നിർമാണം തുടങ്ങിയ സ്‌കിൽ സെഷനുകളും ഉണ്ടായിരുന്നു.

വളണ്ടിയർമാർ പൈതൃക സ്ഥലമായ പൂന്താനം ഇല്ലം സന്ദർശിച്ചു. സാകേതം വൃദ്ധാശ്രമ സന്ദർശനവും നടന്നു.