Tuesday, March 22, 2022

ഉദ്യോഗ് മേള 2022 - മാർച്ച് 22, 2022

കേരള പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ. വിഭാഗം കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻ്റെയും മലപ്പുറം, പാലക്കാട് ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ "ഉദ്യോഗ് മേള 2022" പെരിന്തൽമണ്ണ ചോയ്സ് കാറ്ററിംഗ് സർവീസിൽ വെച്ച് നടന്നു. പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി.ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് അധ്യക്തത വഹിച്ചു. വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് സ്റ്റേറ്റ് കോർഡിനേറ്റർ എ.എം. റിയാസ് മുഖ്യപ്രഭാഷണം നടത്തി. വി. എച്ച്. എസ്. ഇ. കുറ്റിപ്പുറം മേഖലാ അസിസ്റ്റൻ്റ് ഡയറക്ടർ എം. ഉബൈദുള്ള സ്വാഗതവും മലപ്പുറം ജില്ലാ കോർഡിനേറ്റർ എൻ.സ്മിത നന്ദിയും പറഞ്ഞു. പെരിന്തൽമണ്ണ നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. സന്തോഷ് കുമാർ, മലപ്പുറം ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ (വി.ജി.) സുനിത വർമ്മ, പാലക്കാട് ജില്ലാ കോർഡിനേറ്റർ കെ.വി.അനിത എന്നിവർ സംസാരിച്ചു. തൊഴിൽ മേളയിൽ ആയിരത്തോളം ഉദ്യോഗാർഥികളും 25 ഓളം കമ്പനികളും പങ്കെടുത്തു. പെരിന്തൽമണ്ണ എൻ.എസ്.എസ്. യൂണിറ്റ് വളണ്ടിയേഴ്സിന്റെ പ്രവർത്തനം കൊണ്ട് ശ്രദ്ധേയമായി.

Tuesday, March 15, 2022

സ്നേഹസഞ്ജീവനി - സൗജന്യ പ്രമേഹ-രക്തസമ്മർദ്ദ നിർണയ ക്യാമ്പ്: മാർച്ച് 15, 2022

ജി.വി.എച്ച്.എസ്.എസ് പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ  പ്രമേഹ രക്തസമ്മർദ്ദ നിർണയ ക്യാമ്പ് നടത്തി. പെരിന്തൽമണ്ണ തറയിൽ ബസ് സ്റ്റാൻഡിൽ വച്ച് നടത്തിയ ക്യാമ്പ് മുൻസിപ്പൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രഅമ്പിളി മനോജ് ബി. പി., പ്രമേഹ പരിശോധന നടത്തി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്‌ അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് സ്വാഗതം ആശംസിക്കുകയും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി. എൻ. നന്ദി അറിയിക്കുകയും ചെയ്തു. അധ്യാപകരായ സജ്‌ന അമ്പലക്കുത്ത്, സിന്ധു. കെ , ഷെഫ്ലിൻ.എൻ.എ., ഷിഹാബുദീൻ വി.കെ., ഷാനിബ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിവിധ മേഖലയിൽ ഉൾപ്പെട്ട വ്യക്തിത്വങ്ങളും പൊതുജനങ്ങളുമായി ഇരുന്നൂറോളം പേർക്ക് സൗജന്യ പരിശോധന നടത്തി പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വളന്റിയർസ് സമൂഹത്തിൽ ഒരിക്കൽ കൂടി തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു.

Tuesday, March 8, 2022

സ്‌കൂളിന് ഇൻസിനറേറ്റർ - മാർച്ച് 08, 2022

വനിതാ ദിനത്തോടനുബന്ധിച്ച് വി.എച്ച്.എസ്.ഇ. വിഭാഗത്തിന് ഭാരതീയ നാഷണൽ ജനതാദൾ ഇൻസിനറേറ്റർ സ്ഥാപിച്ചു നൽകുന്നതിൻറെ രേഖകൾ കൈമാറി. ചടങ്ങിൽ ബി.എൻ.ജെ.ഡി. ജില്ലാ വൈസ് പ്രസിഡന്റ് സിന്ധു.ആർ.നായർ, സംസ്ഥാന കമ്മിറ്റിയംഗം ഗോപി, സ്‌കൂൾ പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ്, പ്രിൻസിപ്പൽ രാജീവ് ബോസ്, എൻ.എസ്എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ., വളണ്ടിയേഴ്‌സ് എന്നിവർ പങ്കെടുത്തു.



Monday, February 14, 2022

World Cancer Day - February 04, 2022

"അവെയർ ക്യാൻസർ" ക്യാമ്പയിന്റെ ഭാഗമായി പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്യാൻസർ അവെയർനെസ്സ് വെബിനാർ നടന്നു. കോഴിക്കോട് എം.വി.ആർ. ക്യാൻസർ സെന്ററിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. വിഷ്ണു രാജൻ നമ്പ്യാർ സെഷൻ കൈകാര്യം ചെയ്തു.

Thursday, January 20, 2022

സത്യമേവ ജയതേ

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയിൽ ഉൾപ്പെടുന്ന വിവര സാക്ഷരതാ ക്യാമ്പയിൻ ആണ് സത്യമേവ ജയതേ. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരായ ബോധവൽക്കരണ പ്രവർത്തനമാണ് ഇത്. ഇതിന്റെ പരിശീലന പരിപാടിയിൽ കരിയർ മാസ്റ്റർ സിന്ധു.കെ. പങ്കെടുത്തു. തുടർപ്രവർത്തനമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്ളാസുകൾ നൽകി. 


Wednesday, January 19, 2022

ഫേസ്-ടു-ഫേസ് II - ജനുവരി 19, 2022

പെരിന്തൽമണ്ണ ഗവഃ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെല്ലിന്റെ  ആഭിമുഖ്യത്തിൽ രണ്ടാം ഫേസ്-ടു-ഫേസ് പരിപാടി ഓൺലൈനായി നടത്തി. വി.എച്ച്.എസ്.ഇ.  പഠനത്തിന് ശേഷം പാരാമെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് ഇന്ത്യയിലും മിഡിൽ-ഈസ്റ്റ് രാജ്യങ്ങളിലുമായി ഹെൽത്ത് കെയർ ആൻഡ് ഡയഗ്‌നോസ്റ്റിക്  സർവീസസിൽ മാനേജ്മെന്റ് പ്രൊഫഷണലായി പ്രവർത്തിച്ചു വരുന്ന ശ്രീ. ബ്രിഞ്ചു കുഞ്ഞുമോനായിരുന്നു ക്ലാസ് കൈകാര്യം ചെയ്തത്. സ്വന്തം അഭിരുചികളും, വി.എച്ച്.എസ്.ഇ.-യിൽ പഠിച്ച മാനേജ്മെന്റ് പാഠങ്ങളും, അതൊടൊപ്പം കഠിനാധ്വാനവും അദ്ദേഹത്തെ വിജയത്തിലെത്തിച്ചു എന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലായി. 

വിദ്യാർത്ഥി നേതൃത്വ ക്യാമ്പ്

കരിയർ ഗൈഡൻസ് സെൽ നടത്തുന്ന ജില്ലാ/മേഖലാ തല ദ്വിദിന നേതൃത്വ ക്യാമ്പിൽ വിദ്യാർത്ഥി പ്രതിനിധികളായ ദേവാനന്ദ്, ഫാത്തിമ ഫിദ എന്നിവർ പങ്കെടുത്തു. ജനുവരി 18, 19 തിയതികളിലായി ഓൺലൈനായാണ് സെഷനുകൾ നടന്നത്. 

Sunday, January 16, 2022

ഫേസ്-ടു-ഫേസ് I - ജനുവരി 16, 2022

പെരിന്തൽമണ്ണ ഗവഃ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ആദ്യ ഫേസ്-ടു-ഫേസ് പരിപാടി ഓൺലൈനായി നടത്തി. പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.-യിലെ പൂർവ്വ വിദ്യാർത്ഥിയും ലാബ് ടെക്നീഷ്യനും, അങ്ങാടിപ്പുറത്തു പ്രവർത്തിച്ചു വരുന്ന സേവനാ ലാബിന്റെ ഉടമയുമായ ശ്രീ. പ്രവീൺ. സി.എസ്. ആണ് തന്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മേന്മയും അതിലൂടെ സ്വയംസംരംഭകരാകാനുള്ള സാധ്യതകളും ഏറെയാണെന്ന് വിദ്യാർത്ഥികൾക്ക് ചർച്ചയിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.


Sunday, January 9, 2022

ലൈഫ് സ്കിൽ കൗൺസലിംഗ് - ജനുവരി 09, 2022

പെരിന്തൽമണ്ണ ജി.ജി.വി.എച്ച്.എസ്.എസിൽ കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ ലൈഫ് സ്കിൽ കൗൺസലിങ് ക്ലാസ് ഓൺലൈനായി നടത്തി. കീഴുപറമ്പ് ഗവഃ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും, മോട്ടിവേഷണൽ സ്പീക്കറും ട്രെയിനറുമായ ശ്രീ. പ്രദീപ് ബി.വി. ആണ് ക്ലാസ് എടുത്തത്. അസാധാരണവും, വ്യത്യസ്തവുമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനായി കുട്ടികൾക്ക് ആവശ്യമായ സ്കില്ലുകൾ അദ്ദേഹം വിവരിച്ചു കൊടുത്തു. മനസ്സിനെ നിയന്ത്രിച്ച് വിവേകപൂർണ്ണമായ ചിന്തകൾ  കുട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാവണം. നമ്മുടെ ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവൃത്തികളും, ചെയ്യുന്ന പ്രവൃത്തികൾ ശീലവുമായി സ്വഭാവരൂപീകരണത്തിനും തുടർന്ന് വ്യക്തിത്വരൂപീകരണത്തിലേക്കും നയിക്കുന്നു. നമ്മുടെ വ്യക്തിത്വം ആത്യന്തികമായി ഭാഗധേയത്വത്തെ നിർണ്ണയിക്കുന്നു. ആയതിനാൽ നല്ല ചിന്തകളുടെ ഉറവിടമാകണം നമ്മുടെ മനസ്സ്. ക്ലാസിന്റെ അവസാനം കുട്ടികൾക്കുള്ള സംശയനിവാരണവും നടത്തുകയുണ്ടായി.


Thursday, December 30, 2021

പ്രത്യാശ - ക്യാമ്പ് റിപ്പോർട്ട്

സപ്ത ദിന ക്യാമ്പ് -പ്രത്യാശ

രണ്ടാം ദിനം.(25/12/2021)

സപ്ത ദിന ക്യാമ്പിന്റെ രണ്ടാം ദിവസം രാവിലെ 9 മണിക്ക് അസംബ്ലിയോടെ ആരംഭിച്ചു. ക്യാമ്പ് പേപ്പർ "തേങ്ങാപ്പൂള്" ന്റെ പ്രകാശനം പ്രിൻസിപ്പൽ രാജീവ് ബോസ് നിർവഹിച്ചു. തുടർന്ന് വളന്റിയർമാർ സ്‌കൂളിലെ പൂന്തോട്ട പരിപാലനം നടത്തി. ഗ്രൂപ്പ് ആയി തിരിഞ്ഞ് പച്ചക്കറി കൃഷിയിടവും ചുറ്റുപാടും വൃത്തിയാക്കി. തുടർന്ന് കുട്ടികൾക്കായി ഒരുക്കിയ ഡിബേറ്റ് സെഷനിൽ വളന്റിയർസ് അത്യധികം ഉത്സാഹത്തോടെ പങ്കെടുത്തു. ഉച്ചക്ക് ശേഷം താജുന്നീസ ടീച്ചർ നയിച്ച ചവിട്ടി നിർമാണ സെഷൻ ആയിരുന്നു. വീട്ടിൽ നിന്നും കൊണ്ടുവന്ന വേസ്റ്റ് തുണികൾ കൊണ്ട് വളന്റിയർസ് ചവിട്ടികൾ നിർമിച്ചു. വൈകുന്നേരം ക്രിസ്മസ് ആഘോഷങ്ങൾ അതിഗംഭീരമാക്കി. വളന്റിയർ അനന്യ ഗിരീഷ് ക്രിസ്മസ് അപ്പൂപ്പനായി വേഷമണിഞ്ഞു. കേക്ക് മുറിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും വളണ്ടിയർമാർ ആഘോഷത്തിൽ പങ്കെടുത്തു.

മൂന്നാം ദിനം (26/12/2021)

സപ്തദിന ക്യാമ്പിന്റെ മൂന്നാം ദിവസം രാവിലെ 9 മണിക്ക് അസംബ്ലി നടന്നു. ക്യാമ്പ് പേപ്പർ "ചക്കക്കുരു" പ്രകാശനം പൂർവ്വ എൻ.എസ്.എസ്. വളന്റിയർ അസ്‌ലം നിർവഹിച്ചു. എൻ.എസ്.എസ്. വളന്റിയർ ആയി പ്രവർത്തിച്ചതു കൊണ്ട് ജീവിതത്തിൽ തനിക്ക് ഉണ്ടായ മാറ്റങ്ങളെ കുറിച്ച് അസ്‌ലം സംസാരിച്ചു. കൂടാതെ കേടുവന്ന എൽ.ഇ.ഡി. ബുൾബുകൾ എങ്ങനെ നന്നാക്കാം എന്നും പുതിയ എൽ.ഇ.ഡി. ബുൾബുകൾ എങ്ങനെ ഉണ്ടാക്കാം എന്നും മറ്റും പഠിപ്പിച്ച് വിദ്യാർത്ഥികൾക്ക് സംരംഭകത്വപരിശീലനം നൽകി.

തുടർന്ന് വനിതാ-ശിശുക്ഷേമ വകുപ്പുമായി സഹകരിച്ച് നടത്തുന്ന 'സമജീവനം' പ്രോജക്ടിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ സലിം സെമിനാർ എടുത്തു. വളന്റിയർമാരുടെ ഡിബേറ്റും ഇതിന്റെ ഭാഗമായി നടന്നു. മികച്ച പ്രകടനം കാഴ്ച വെച്ച സെഷൻ ആയിരുന്നു അത്.

ഉച്ചക്ക് ശേഷം വളന്റിയർ അനന്യ ഗിരീഷ് നടത്തിയ സ്കിൽ സെഷൻ "പേപ്പർ ക്രാഫ്റ്റ് നിർമ്മാണ"ത്തിൽ വളന്റിയർസ് എല്ലാവരും നന്നായി പങ്കെടുത്തു. പിന്നീട് പ്രിൻസിപ്പൽ രാജീവ് ബോസിന്റെ നേതൃത്വത്തിൽ രസകരമായ പേപ്പർ ടോയ് മേക്കിങ്ങും നടന്നു. രാത്രി 8:00 മണിക്ക് നടന്ന ഗൂഗിൾ മീറ്റിൽ പി.എ. സി. മെമ്പർ സിയോജ് പങ്കെടുത്തു. വളന്റിയർസ് ക്യാമ്പ് ഫീഡ്ബാക്ക് പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ നടന്നു. 9 മണിയോടു കൂടി ഫീഡ്ബാക്ക്/കൾച്ചറൽ സെഷൻ അവസാനിച്ചു.

നാലാം ദിനം (27/12/2021)

സപ്തദിന ക്യാമ്പിന്റെ നാലാം ദിനത്തിൽ രാവിലെ 9 മണിക്കുള്ള അസംബ്ലിയിൽ അധ്യാപിക സിന്ധു.കെ. ക്യാമ്പ് പേപ്പർ "തീപ്പന്തം" പ്രകാശനം ചെയ്തു. പൂർവ വിദ്യാർത്ഥിനി ഇഫ്രത്തിന്റെ "ബോട്ടിൽ ആർട്ട് സെഷൻ" വളരെ രസകരമായിരുന്നു. വളന്റിയർസ് ഒരു സ്കിൽ കൂടി പഠിച്ചതിൽ  സന്തോഷം പ്രകടിപ്പിച്ചു. ജില്ലാ കോർഡിനേറ്റർ ഫാസിൽ, പി.എ.സി. മെമ്പർ സിയോജ്‌ എന്നിവർ ക്യാമ്പ് സന്ദർശിച്ച് പാട്ടുപാടിയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും NSS തരംഗം അക്ഷരാർത്ഥത്തിൽ വിദ്യാർഥികളിലേക്ക് പകർന്നു.

പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാൻ പി. ഷാജി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സന്തോഷ്‌ കുമാർ, വാർഡ് കൗൺസിലർ  പച്ചീരി ഹുസൈന നാസർ, സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്‌ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.

ഉച്ചക്ക് ശേഷം വളണ്ടിയർമാർ ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസ് സന്ദർശിച്ചു. നല്ല ഒരു മോക്ക് ഡ്രിൽ ക്ലാസ് വളന്റിയർസിനു ലഭിച്ചു. പി.എ.സി. മെമ്പർ സിയോജ് സാറിന്റെ സാന്നിധ്യത്തിൽ വൈകുന്നേരം 8 മണിക്ക് ഗൂഗിൾ മീറ്റിൽ കലാപരിപാടികളും ഫീഡ്ബാക്ക് സെഷനും നടത്തി.

അഞ്ചാം ദിനം (28/12/2021)

സപ്തദിന ക്യാമ്പിന്റെ അഞ്ചാം ദിവസത്തിൽ രാവിലെ 9 മണിക്കുള്ള അസംബ്ലിയിൽ പ്രിയ ടീച്ചർ ക്യാമ്പ് പേപ്പർ "തേജസ്സ്" പ്രകാശനം ചെയ്തു. വളണ്ടിയർമാർ സ്കൂൾ പരിസരം വൃത്തിയാക്കി. പെരിന്തൽമണ്ണ മുനിസിപ്പൽ വൈസ് ചെയർമാൻ നസീറ ടീച്ചർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ അറിയിച്ചു.

തുടർന്ന് നടന്ന "ഫസ്റ്റ് എയ്ഡ് സി.പി.ആർ. ഡെമോൺസ്ട്രഷൻ" വളരെ ഉപകാരപ്രദമായിരുന്നു. മൗലാന ഹോസ്പിറ്റലിൽ നിന്നു വന്ന ടീം ആണ് സെഷൻ എടുത്തത്. ഉച്ചക്ക് ശേഷം പൂർവ വിദ്യാർത്ഥി ജിജേഷിന്റെ "പ്രോഡക്ട്സ് വിത്ത് കോക്കനട്ട് ഷെൽ സെഷൻ" ആയിരുന്നു. ശ്രമകരമായ സ്‌കിൽ സെഷൻ ആയിരുന്നുവെങ്കിലും വളണ്ടിയർമാർ താൽപര്യത്തോടെ പങ്കെടുത്തു. ശേഷം നടന്ന കലാ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാത്രി 8:00 മണിക്ക് ഗൂഗിൾ മീറ്റിൽ ഫീഡ്ബാക്ക് സെഷൻ നടത്തി.

ആറാം ദിനം (29/12/2021) 

സപ്ത ദിന ക്യാമ്പിന്റെ ആറാം ദിനത്തിൽ രാവിലെ 9 മണിക്ക് അസംബ്ലിയിൽ ക്യാമ്പ് പേപ്പർ "വെട്ടിയിട്ട വാഴത്തണ്ട്" രാധിക ടീച്ചർ പ്രകാശനം ചെയ്തു. "നിരാമയ" മെഡിക്കൽ ക്യാമ്പ് ഗവ. ആയുർവേദ ഹോസ്പിറ്റൽ പെരിന്തൽമണ്ണയുമായി ചേർന്ന് നടത്തി. ഇരുന്നൂറോളം പേര് ക്യാമ്പിൽ പങ്കെടുത്തു. പി. ടി. എ പ്രസിഡന്റ് കിനാതിയിൽ സാലിഹ്‌ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ  സ്കൂൾ ഹെഡ് മാസ്റ്റർ സക്കിർ ഹുസൈൻ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ രാജീവ് ബോ സ് അധ്യക്ഷത വഹിക്കുകയും NSS പ്രോഗ്രാം ഓഫീസർ അമ്പിളി. എൻ സ്വാഗതം അറിയിക്കുകയും ചെയ്തു. വളണ്ടിയർ ലീഡർ എസ്. മമിത നന്ദി പ്രകാശിപ്പിച്ചു. ഉച്ചക്ക് ശേഷം യോഗ ട്രൈനർ സൈനുൽ ആബിദീൻ യോഗ സെഷൻ നടത്തി. രാത്രി 8:00 മണിക്ക് ഗൂഗിൾ മീറ്റ് വഴി കലാപരിപാടികളും ഫീഡ് ബാക്ക് സെഷനും നടത്തി.

ഏഴാം ദിനം (30/12/2021)

സപ്ത ദിന ക്യാമ്പിന്റെ ഏഴാം ദിനത്തിൽ രാവിലെ 9 മണിക്ക് അസംബ്ലിയിൽ ക്യാമ്പ് പേപ്പർ "തിളക്കം" പ്രിൻസിപ്പൽ രാജീവ് ബോസ് പ്രകാശനം ചെയ്തു. സമജീവനം വനിത ശിശു ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങ;ആയ  ഫ്ലാഷ് മോബ്, തെരുവ് നാടകം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. "ലഹരി വിരുദ്ധ മേഖല യെല്ലോ ലൈൻ" സ്കൂൾ പരിസരത്ത് വരച്ചു. ഉച്ചക്ക് ശേഷം ഉള്ള സമാപന സമ്മേളനം വൈസ് ചെയർപേഴ്‌സൺ നസീറ ടീച്ചർ ഉത്ഘാടനം ചെയ്തു. സ്പെഷ്യൽ പ്രൊജക്റ്റ് ആയ "മൈക്രോഗ്രീൻ" വിളവെടുത്തു വളന്റിയർസ്  എല്ലാവർക്കും വിതരണം ചെയ്തു. ഫീഡ് ബാക്ക് നടത്തി. സ്കൂൾ പരിസരം വൃത്തിയാക്കി  "പ്രത്യാശ" ക്യാമ്പ് സമാപിച്ചു.

ക്യാമ്പ് സമാപനം-സ്പെഷ്യൽ പ്രൊജക്റ്റ് ആയ മൈക്രോഗ്രീൻ വളന്റിയർ ഷഹല വൈസ് ചെയർപേഴ്‌സൺ  നസീറ ടീച്ചർക്ക് നൽകുന്നു.