Monday, December 28, 2020

പോസിറ്റീവ് പാരന്റിങ് - ഡിസംബർ 27, 2020

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ കരിയർ  ഗൈഡൻസ് ആൻഡ് കൗൺസലിങ് സെല്ലിൻറെ  ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ  ക്ലാസ് 'പോസിറ്റീവ്  പാരന്റിങ്' 27-12-2020 നു രാത്രി 7-ന് ഗൂഗിൾ മീറ്റിലൂടെ  നടത്തി. കേരള ഗവൺമെന്റിന്റെ 'ഒപ്പം' പ്രോജക്ട് കൗൺസിലറായ ഡോ. ചിത്ര മോഹൻ ക്ലാസ് കൈകാര്യം ചെയ്തു. പ്രിൻസിപ്പൽ രാജീവ് ബോസ്, കരിയർ മാസ്റ്റർ കെ. സിന്ധു എന്നിവർ  സംസാരിച്ചു. സ്റ്റുഡൻറ് ലീഡർ  എസ്. മമിത നന്ദി  അറിയിച്ചു.



Monday, December 21, 2020

ഷീ ക്യാമ്പ് - ഡിസംബർ 20, 2020

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി ഷീ ക്യാമ്പ് നടത്തി. 20-12-2020 രാത്രി 7 മണിക്ക് ഗൂഗിൾ മീറ്റ് വഴിയാണ് ക്ലാസ് നടന്നത്. സ്‌കൂൾ പ്രിൻസിപ്പൽ രാജീവ് ബോസ് ഉദ്ഘാടനം ചെയ്തു. കേരള ഹെൽത്ത് സർവീസിലെ അസിസ്റ്റന്റ് സർജനായ ഡോ. എസ്. ഇന്ദു ക്ലാസെടുത്തു. പ്രസ്തുത ക്ലാസിൽ വിദ്യാർത്ഥിനികളുടെ  ആരോഗ്യപരിപാലനത്തെക്കുറിച്ചും, കൗമാരപ്രശ്നങ്ങളെക്കുറിച്ചും ബോധവൽക്കരണം  നടത്തി. വിദ്യാർത്ഥിനികൾക്കുള്ള സംശയനിവാരണവും നടന്നു. കരിയർ ഗൈഡൻസ് കോഓർഡിനേറ്റർ സിന്ധു.കെ. നേതൃത്വം നൽകി. അധ്യാപികമാരും അൻപത്തിയഞ്ചോളം വിദ്യാർത്ഥിനികളും ക്ലാസിൽ പങ്കെടുത്തു. ക്ലാസ് ലീഡർ ഫാത്തിമ അഫ്‌നാൻ നന്ദി പ്രകാശിപ്പിച്ചു.



Sunday, December 20, 2020

സ്‌പെഷ്യൽ ക്ലാസ്-പി.ടി.എ. മീറ്റിംഗ് - ഡിസംബർ 19, 2020

വി.എച്ച്.എസ്.ഇ. ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഈ അധ്യയന വർഷത്തിലെ ആദ്യത്തെ ക്ലാസ്സ്‌ പി.ടി.എ. യോഗം  19-12-2020 ന് ഗൂഗിൾ മീറ്റ് വഴി നടന്നു. പ്രസ്തുത യോഗത്തിൽ വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് ആമുഖ പ്രഭാഷണം നടത്തി. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ്  കിനാതിയിൽ സാലിഹ് യോഗം ഉദ്ഘാടനം ചെയ്തു. അറുപതോളം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. അധ്യാപികയായ ലിസിമോൾ പുതിയ എൻ.എസ്.ക്യു.എഫ്. കോഴ്‌സുകളുടെ ഘടനയെക്കുറിച്ച് വിശദീകരിച്ചു. ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യാപകർ തങ്ങളുടെ ഓൺലൈൻ ക്ലാസുകൾ, സപ്പോർട്ട് ക്ലാസുകൾ, തുടർപ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ അടങ്ങിയ വിശദമായ റിപ്പോർട്ട്‌ അവതരിപ്പിച്ചു. അതിനു ശേഷം രക്ഷിതാക്കൾ സംശയനിവാരണം നടത്തി. ക്ലാസ് അധ്യാപകരായ സിന്ധു.കെ., രശ്മി.കെ. എന്നിവർ നേതൃത്വം നൽകി.




Friday, December 18, 2020

ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷകൾ ആരംഭിച്ചു

ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഇമ്പ്രൂവ്മെന്റ് പരീക്ഷകൾ ആരംഭിച്ചു. ഡിസംബർ 18 മുതൽ 23 വരെയാണ് പരീക്ഷകൾ നടക്കുക. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഒന്നാം വർഷ സ്‌കോറുകൾ മെച്ചപ്പെടുത്താനുള്ള അവസരം ഈ പരീക്ഷയിലൂടെ ലഭിക്കും.


സ്‌പെഷ്യൽ ക്ലാസ്-പി.ടി.എ. യോഗം - ഡിസംബർ 17, 2020

വി.എച്ച്.എസ്.ഇ. രണ്ടാം വർഷ വിദ്യാർത്ഥികളുടെ ഈ അധ്യയന വർഷത്തിലെ ആദ്യത്തെ ക്ലാസ്സ്‌ പി.ടി.എ. യോഗം  17-12-2020 ന് ഗൂഗിൾ മീറ്റ് വഴി നടന്നു. പ്രസ്തുത യോഗത്തിൽ എസ്.ആർ.ജി. കൺവീനർ സജ്‌ന അമ്പലക്കുത്ത് സ്വാഗതവും വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് ആമുഖ പ്രഭാഷണവും നടത്തി. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ്  കിനാതിയിൽ സാലിഹ് യോഗം ഉദ്ഘാടനം ചെയ്തു. അമ്പതോളം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യാപകർ തങ്ങളുടെ ഓൺലൈൻ ക്ലാസുകൾ, സപ്പോർട്ട് ക്ലാസുകൾ, തുടർപ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ അടങ്ങിയ വിശദമായ റിപ്പോർട്ട്‌ അവതരിപ്പിച്ചു. അതിനു ശേഷം രക്ഷിതാക്കൾ സംശയനിവാരണം നടത്തി. ഈ യോഗത്തിന്റെ ഫലമായി രക്ഷിതാക്കളുടെ ആശങ്കകൾ ഒരു പരിധി വരെ ലഘൂകരിക്കാൻ സാധിച്ചു എന്നതിൽ സംശയമില്ല.  സ്റ്റാഫ് സെക്രട്ടറി രാധിക.എം.ജി. നന്ദി പ്രകാശിപ്പിച്ചു.



Sunday, December 6, 2020

Calligraphy : the visual art of Writing - December 06, 2020

കാലിഗ്രഫി സ്‌കിൽ പ്രധാന വിഷയമായി പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ  എൻ.എസ്.എസ്. യൂണിറ്റ്  സ്കിൽ പ്രോഗ്രാം സംഘടിപ്പിച്ചു. സൂം പ്ലാറ്റ്‌ഫോം വഴി നടന്ന സ്റ്റേറ്റ് ലെവൽ  ട്രെയിനിങ് സെഷനിൽ വിവിധ ജില്ലകളിൽ നിന്നുള്ള എൻ.എസ്.എസ്. വളണ്ടിയർമാരും അധ്യാപകരും പങ്കെടുത്തു. പ്രസ്തുത പരിപാടി പ്രശസ്ത ഗായകൻ ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ മനോഹരഗാനം ഈ ചടങ്ങിന് ഉണർവേകി. സ്‌കൂൾ പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുറ്റിപ്പുറം റീജിയൺ അസിസ്റ്റന്റ് ഡയറക്ടർ എം.ഉബൈദുള്ള മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം സുനിൽ സുഗത, എൻ.എസ്.എസ്. സ്റ്റേറ്റ് കോർഡിനേറ്റർ പി.രഞ്ജിത്ത്, റീജിയണൽ കോർഡിനേറ്റർ കെ. ബാലു മനോഹർ, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ പി.കെ. മണികണ്ഠൻ, പി.എ.സി. മെമ്പർ എൻ.എസ്.ഫാസിൽ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ അമ്പിളി നാരായണൻ നന്ദിയും പറഞ്ഞു.

"കാലിഗ്രഫി - ദ വിഷ്വൽ ആർട്ട് ഓഫ് റൈറ്റിംഗ്" എന്ന ക്ലാസ് ആയിരുന്നു ഈ പ്രോഗ്രാമിന്റെ പ്രധാന ആകർഷണം. അക്ഷരങ്ങളെ കൂടുതൽ മനോഹരമാക്കി എഴുതുന്ന രീതിയാണ് കാലിഗ്രഫി. സെഷൻ കൈകാര്യം ചെയ്ത ലതിക അജിത്കുമാർ പേന, പെൻസിൽ, ബ്രഷ് ഇവ ഉപയോഗിച്ച് അക്ഷരങ്ങളെ മനോഹരമാക്കി എഴുതുവാനും അതിൽ പാലിക്കേണ്ട നിയമങ്ങളും വിശദമായി പ്രതിപാദിച്ചു. അക്ഷരങ്ങൾ കാലിഗ്രഫി രീതിയിൽ എഴുതുന്നതിന് കുട്ടികളെ പരിശീലിപ്പിച്ചു. ക്ലാസിന് ശേഷം വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. വിവിധ ജില്ലകളിൽ നിന്നായി 430 ഓളം കുട്ടികൾ പങ്കെടുത്ത പ്രോഗ്രാം എല്ലാവർക്കും  ഉപകാരപ്രദമായി.



ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു


ലതിക അജിത്കുമാർ ക്ലാസ് എടുക്കുന്നു 

ദേശാഭിമാനി 07-12-2020

Tuesday, December 1, 2020

ലോക എയ്ഡ്സ് ദിനം - ഡിസംബർ 1, 2020

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ്. വളണ്ടിയർമാർ പോസ്റ്ററുകൾ നിർമിച്ചു. എയ്ഡ്സ് ന്റെ വിപത്തുകൾ ചൂണ്ടിക്കാണിക്കുന്നതും പ്രത്യാശ പകരുന്നതുമായിരുന്നു പോസ്റ്ററുകൾ.