Wednesday, December 28, 2022

സൗജന്യ ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പ് - ഡിസംബർ 28, 2022

പട്ടിക്കാട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കുന്ന എൻ.എസ്.എസ്. ക്യാമ്പ് "സ്പന്ദന"ത്തിന്റെ ഭാഗമായി സൗജന്യ ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി രക്തസമ്മർദ്ദം, പ്രമേഹ രോഗ നിർണ്ണയം, ബി.എം.ഐ. തുടങ്ങിയ പരിശോധനകൾ നടത്തി. സ്ത്രീകൾക്കായി സ്തനാർബുദ സാധ്യത സ്വയം പരിശോധനയും ബോധവൽക്കരണവും സംഘടിപ്പിച്ചു. നൂറോളം പരിസരവാസികൾ ക്യാംപിന്റെ ഗുണഭോക്താക്കളായി. പട്ടിക്കാട് സ്‌കൂൾ എസ്.എം.സി. ചെയർമാൻ വേലു മാസ്റ്റർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. പി.പ്രീതാ കുമാരി, കെ.റിയാസ്, സുധാകുമാരി, വി.ഇസ്‌ഹാക്ക്, പ്രോഗ്രാം ഓഫീസർ പി.റസ്‌മ എന്നിവർ സംസാരിച്ചു.

Monday, December 26, 2022

എൻ.എസ്.എസ്. ക്യാമ്പ് "സ്പന്ദനം" ഉദ്ഘാടനം - ഡിസംബർ 26, 2022

പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് "സ്പന്ദനം" പട്ടിക്കാട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എ.കെ. മുസ്‌തഫ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട് അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രശസ്ത സോപാന സംഗീത കലാകാരൻ ഞരളത്ത് ഹരിഗോവിന്ദൻ മുഖ്യാതിഥിയായി. മുഹമ്മദ് നയീം, എൻ.കെ. ബഷീർ, പി.എം.എ. ഗഫൂർ, എ. മുബഷിർ, വി. ജ്യോതിഷ്, വേലു മാസ്റ്റർ, പി. നൈലോഫർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ പി. റസ്‌മ നന്ദിയും പറഞ്ഞു.

Monday, December 19, 2022

എൻ.എസ്.എസ്. ക്യാമ്പ് - സ്വാഗത സംഘം രൂപികരിച്ചു

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന്റെ വാർഷിക സപ്തദിന സഹവാസ ക്യാമ്പ് "സ്പന്ദനം" പട്ടിക്കാട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ച് നടത്താനുള്ള സ്വാഗത സംഘവും സംഘാടക സമിതിയുടെ രൂപീകരണവും പട്ടിക്കാട് സ്‌കൂളിൽ വെച്ച് നടന്നു. പെരിന്തൽമണ്ണ ബ്‌ളോക്ക് സ്ഥിരം സമിതി അധ്യക്ഷനും പട്ടിക്കാട് സ്‌കൂൾ പി.ടി.എ. പ്രസിഡന്റുമായ അസീസ് പട്ടിക്കാട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പട്ടിക്കാട്, പെരിന്തൽമണ്ണ സ്‌കൂളുകളിലെ പി.ടി.എ. ഭാരവാഹികളായ വി.ജ്യോതിഷ്, വേലു മാസ്റ്റർ, കെ.ടി.അനീസ തുടങ്ങിയവരും അധ്യാപകരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. ക്യാമ്പിനോടനുബന്ധിച്ച് നടത്തുന്ന ജീവിത ശൈലീ രോഗനിർണ്ണയ ക്യാമ്പിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും പാലിയേറ്റിവ് പ്രവര്ത്തനങ്ങളിലും ക്യാമ്പ് നടത്തിപ്പിലും സഹായകമായ വിവിധ കമ്മറ്റികൾ രൂപീകരിച്ചു. ഡിസംബർ 26-ന് ആരംഭിക്കുന്ന ക്യാമ്പ് ജനുവരി ഒന്നിന് അവസാനിക്കും. 

Friday, December 16, 2022

എൻ.എസ്.എസ്. ക്യാമ്പ് - രക്ഷിതാക്കളുടെ യോഗം

സപ്തദിന സഹവാസ ക്യാമ്പിന്റെ മുന്നോടിയായി രക്ഷിതാക്കളുടെ യോഗം സ്‌കൂളിൽ വെച്ച് നടന്നു. ക്യാമ്പ് നടത്തിപ്പ്, വിഭവ സമാഹരണം എന്നിവ ചർച്ച ചെയ്തു. ക്യാമ്പ് പ്രവർത്തനങ്ങൾ പ്രോഗ്രാം ഓഫീസർ പി.റസ്‌മ വിശദീകരിച്ചു. പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ്, സ്‌കൂൾ പ്രിൻസിപ്പൽ എം.പി.രാജീവ് ബോസ്, ഹെഡ്‌മാസ്റ്റർ പി.സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.

Saturday, December 10, 2022

തൊഴിൽ മേളയിൽ സേവന സന്നദ്ധരായി എൻ.എസ്.എസ്. വളണ്ടിയർമാർ

പെരിന്തൽമണ്ണ ഗേൾസ് സ്‌കൂളിൽ വെച്ച് നടന്ന വി.എച്ച്.എസ്.ഇ. തൊഴിൽമേളയിൽ സ്റ്റാളുകൾ ഒരുക്കുന്നതിലും തൊഴിലന്വേഷകർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്ന കൗണ്ടറുകളിലും എൻ.എസ്.എസ്. വളണ്ടിയർമാരുടെ സേവനം ലഭ്യമായിരുന്നു. രാവിലെ നടന്ന ചടങ്ങിൽ പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ പി.ഷാജി തൊഴിൽമേള ഉദ്‌ഘാടനം ചെയ്തു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പും ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.

തൊഴിൽ മേള 2022 - ഡിസംബർ 10, 2022

വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലും മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽമേള പെരിന്തൽമണ്ണ ഗേൾസ് സ്‌കൂളിൽ വെച്ച് നടന്നു. മേളയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാൻ പി.ഷാജി നിർവഹിച്ചു. വി.എച്ച്.എസ്.ഇ. കുറ്റിപ്പുറം മേഖലാ അസിസ്റ്റന്റ് ഡയറക്ടർ എം.ഉബൈദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ പച്ചീരി ഹുസൈന നാസർ, എസ്.എം.സി. ചെയർപേഴ്‌സൺ കെ.ടി.അനീസ, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ എം.മണി, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ബിമൽ ഡൊമിനിക്, സ്‌കൂൾ ഹെഡ്‌മാസ്റ്റർ പി.സക്കീർ ഹുസൈൻ, പാലക്കാട് ജില്ലാ കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ സി.പ്രവീൺ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മലപ്പുറം ജില്ലാ കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ എൻ.സ്മിത നന്ദി അറിയിച്ചു.

Wednesday, November 9, 2022

തക്കാര പന്തലിലെ ലാഭം പാലിയേറ്റിവ് സൊസൈറ്റിക്ക് നൽകി - നവംബർ 09, 2022

പെരിന്തൽമണ്ണ പെയിൻ ആൻറ്   പാലിയേറ്റീവ് സൊസൈറ്റിക്ക് ഫിസിയോതെറാപ്പി ഉപകരണങ്ങൾ വാങ്ങിക്കുന്നതിലേക്ക് ഒരു കൈത്താങ്ങ് ആവാൻ ജിവിഎച്ച്എസ്എസ് പെരിന്തൽമണ്ണ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റ് 15010 രൂപ കൈമാറി. പെരിന്തൽമണ്ണ സബ്ജില്ലാ കലോത്സവത്തോടനുബന്ധിച്ച് രണ്ടുദിവസമായി നടത്തിയ VHSE -  തക്കാരപ്പന്തൽ എന്ന പലഹാര വിപണനകേന്ദ്രത്തിൽ നിന്നും കിട്ടിയ ലാഭമാണ് വളണ്ടിയർ സെക്രട്ടറി കെ ടി മുഹമ്മദ് മുബഷിർ, മറ്റു വളണ്ടിയർമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. റസ്മ, അധ്യാപിക സുധാറാണി  എന്നിവരുടെ സാന്നിധ്യത്തിൽ പാലിയേറ്റീവ് ഭാരവാഹികളായ ഡോ: നിലാർ മുഹമ്മദ്, മാനുപ്പ കുറ്റിരി, വിപി സെയ്തലവി, എ വി മുസ്തഫ എന്നിവർക്ക് കൈമാറിയത്.



Monday, November 7, 2022

വി.എച്ച്.എസ്.ഇ. തക്കാരപന്തൽ - നവംബർ 07, 2022

പെയിൻ ആൻ്റ് പാലിയേറ്റീവിന് ഒരു കൈത്താങ്ങായി പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ "വിഎച്ച്എസ്ഇ തക്കാരപ്പന്തൽ" എന്ന പേരിൽ ഫുഡ് കോർണർ ആരംഭിച്ചു. പെരിന്തൽമണ്ണ സബ്ജില്ലാ കലോത്സവത്തോടനുബന്ധിച്ചാണ് ഫുഡ് സ്റ്റാൾ ഒരുക്കിയത്. വിവിധ എണ്ണക്കടികൾ, ജ്യൂസ്, ചായ ഐറ്റംസ് എന്നിവ ഫുഡ് കോർണർ വഴി വില്പന നടത്തുന്നു. തക്കാരപ്പന്തൽ ബഹു പെരിന്തൽമണ്ണ എംഎൽഎ ശ്രീ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ ശ്രീ പി. ഷാജി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ . എ.കെ. മുസ്തഫ, ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സി.സുകുമാരൻ, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അഫ്സൽ  തുടങ്ങിയവർ സ്റ്റാൾ സന്ദർശിച്ചു. ഭക്ഷണപദാർത്ഥങ്ങൾ വിറ്റു കിട്ടുന്ന ലാഭം പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിന് ഉപകരണങ്ങൾ വാങ്ങിക്കുന്നതിനായി സംഭാവന ചെയ്യും. എൻഎസ്എസ് വളണ്ടിയർമാർ പൂർണ്ണമായും വീടുകളിൽ പാചകം ചെയ്ത് കൊണ്ടുവന്ന പലഹാരങ്ങളാണ് വില്പനയ്ക്ക് വെച്ചിട്ടുള്ളത്. വിഎച്ച്എസ്ഇ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി റെസ്മ, അധ്യാപകരായ മുഹമ്മദ് നസീൽ, ഇസഹാക്ക്, ഷിഹാബുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Sunday, November 6, 2022

പാലിയേറ്റീവിനൊരു കൈത്താങ്ങായി എൻ.എസ്.എസ്. യൂണിറ്റിന്റെ ഭക്ഷ്യവിപണന മേള

പെരിന്തൽമണ്ണ വിഎച്ച്എസ്ഇ എൻ.എസ്.എസ്. യൂണിറ്റ് പെരിന്തൽമണ്ണ സബ്ജില്ലാ കലോത്സവത്തോടനുബന്ധിച്ച് നവംബർ 7,8,9 തീയതികളിൽ "വി.എച്ച്.എസ്.ഇ. തക്കാരപ്പന്തൽ" എന്ന പേരിൽ ഒരു ഭക്ഷ്യവിപണന മേള സംഘടിപ്പിക്കുന്നു. പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഒരു കൈത്താങ്ങ് നൽകാനായി ഭക്ഷ്യമേളയിൽ നിന്നുള്ള ലാഭം ഉപയോഗിക്കാനാണ് എൻഎസ്എസ് വളണ്ടിയർമാരുടെ ഈ എളിയ ശ്രമം. പെരിന്തൽമണ്ണ ഇഎംഎസ് എജുക്കേഷണൽ കോംപ്ലക്സ് സ്കൂൾ ഗ്രൗണ്ടിൽ ആണ് ഭക്ഷ്യമേള സ്റ്റാൾ ഒരുക്കുന്നത്. ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് പരിസ്ഥിതി  സൗഹാർദ്ദപരമായി സ്റ്റാൾ ക്രമീകരിക്കുന്നതിൽ എൻഎസ്എസ് വളണ്ടിയർമാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

Saturday, November 5, 2022

മെഗാ ശുചീകരണയത്നം - നവംബർ 05, 2022

പെരിന്തൽമണ്ണ സബ്ജില്ലാ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ സ്റ്റേജ് പരിസരങ്ങൾ എൻഎസ്എസ് വളണ്ടിയർമാർ വൃത്തിയാക്കി. ഗ്രീൻ പ്രോട്ടോകോൾ പ്രകാരം ജൈവമാലിന്യങ്ങൾ, പ്ലാസ്റ്റിക്, പേപ്പർ എന്നിവ പ്രത്യേകം വേർതിരിച്ചു. നഗരസഭയുടെ ആരോഗ്യ വിഭാഗവുമായി സഹകരിച്ചാണ് മെഗാ ശുചീകരണയത്നം നടത്തിയത്.

Friday, November 4, 2022

സബ്ജില്ലാ കലോത്സവ വിളംബര ജാഥ - നവംബർ 04, 2022

പെരിന്തൽമണ്ണ സബ്ജില്ലാ കലോത്സവത്തിന്റെ മുന്നോടിയായി നടന്ന വിളംബര ജാഥ വൈകുന്നേരം മൂന്നര മണിക്ക് പ്രധാന വേദിയായ ഗവൺമെന്റ് മോഡൽ ബോയ്സ് സ്കൂളിൽ നിന്ന് തുടങ്ങി പെരിന്തൽമണ്ണ ടൗണിനെ വലം വെച്ച് ജിവിഎച്ച്എസ്എസ് പെരിന്തൽമണ്ണയിൽ തിരികെ അവസാനിച്ചു.എല്ലാ എൻഎസ്എസ് വളണ്ടിയർമാരും വിളംബര ജാഥയിൽ പങ്കെടുത്തു.

Tuesday, November 1, 2022

വർജ്ജ്യം: ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല - നവംബർ 01, 2022

എൻഎസ്എസ് വളണ്ടിയർമാർ സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സ്കൂളിന്റെ മുൻവശത്ത് റോഡിൽ വച്ച് നടന്ന  പരിപാടിയിൽ പ്രിൻസിപ്പൽ രാജീവ് ബോസ്, പിടിഎ വൈസ് പ്രസിഡന്റ് കെ.യൂസഫ്, അധ്യാപകർ തുടങ്ങിയവർ പങ്കാളികളായി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.റെസ്‌മ നേതൃത്വം നൽകി.

Monday, October 31, 2022

പാലിയേറ്റീവ് കെയർ: ബോധവൽക്കരണ ക്ലാസ് - ഒക്ടോബർ 31, 2022

പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ്-ലെ ശ്രീ. കുറ്റിരി മാനുപ്പ എൻഎസ്എസ് വളണ്ടിയേഴ്സിന് പാലിയേറ്റീവ് കെയർ എന്നാൽ എന്ത്, എന്തിന് എന്ന വിഷയത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് നൽകി. പെരിന്തൽമണ്ണയിലെ പാലിയേറ്റീവ് യൂണിറ്റ് സന്ദർശിക്കുവാനും മൂന്നു പേരടങ്ങുന്ന ചെറിയ യൂണിറ്റുകളായി പാലിയേറ്റീവ് ഹോം കെയർ വിസിറ്റിനു പോകുവാനും ഉള്ള രൂപരേഖ തയ്യാറാക്കി.

Sunday, October 23, 2022

"കൂടെ" - ക്യാമ്പ് റിപ്പോർട്ട്

"കൂടെ" - ദ്വിദിന സഹവാസ ക്യാമ്പ് ഒക്ടോബർ 22, ശനിയാഴ്ച ആരംഭിച്ചു. പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാൻ പി. ഷാജി ലഹരിവിരുദ്ധജ്വാല കൊളുത്തി വളണ്ടിയേഴ്സിന് പകർന്നുനൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ആസൂത്രണസമിതി  ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ, പി.ടി.എ. ഭാരവാഹികൾ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് നസീൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ രാജീവ് ബോസ് സ്വാഗതവും വളണ്ടിയർ ലീഡർ നിവേത് നന്ദിയും പറഞ്ഞു. പ്രോഗ്രാം ഓഫീസർ റെസ്മ.പി ക്യാമ്പ് പ്രോജക്റ്റുകൾ അവതരിപ്പിച്ചു. ലഹരിവിരുദ്ധ സെൽഫി ബൂത്ത് ചെയർമാൻ സെൽഫിയെടുത്ത് ഉദ്ഘാടനം ചെയ്തു.

വൈകുന്നേരം ഏഴുമണിക്ക് വളണ്ടിയർമാർക്കുള്ള "ഐസ് ബ്രേക്കിംഗ് സെഷൻ" നയിച്ചത് വേങ്ങൂർ എ.എം.എച്ച്.എസ്.സ്കൂളിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായ ശരീഫ് സാറാണ്. വളണ്ടിയേഴ്‌സ് എല്ലാവരും ഉത്സാഹത്തോടെ സെഷനിൽ പങ്കെടുത്തു. വിവിധ ഗെയിമുകളും ആക്ടിവിറ്റികളും സെഷന്റെ ഭാഗമായി നടന്നു. കൾച്ചറൽ പ്രോഗ്രാമോടെ ആദ്യദിനം അവസാനിച്ചു.

ഞായറാഴ്ച (23/19/2022) രാവിലെ ആറ് മണിക്ക് ഉണർന്ന് ക്യാമ്പ് പ്രഭാതകർമ്മങ്ങൾക്ക് ശേഷം മോണിംഗ് എക്സർസൈസും ലഘുകായികവിനോദങ്ങളും പ്രഭാതഭക്ഷണവും കഴിഞ്ഞു ക്യാമ്പ് അസംബ്ലി സംഘടിപ്പിച്ചു. ഇന്നത്തെ ചിന്താവിഷയം, പ്രോജക്ട് അവതരണം എന്നിവയ്ക്കുശേഷം "വയോഹിതം " സർവ്വേക്കായി വളണ്ടിയർമാർ ഗ്രൂപ്പുകളായി തിരിഞ്ഞ് സമീപപ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ചു. വയോജനങ്ങളുമായി കുറച്ചു സമയം ചെലവിട്ട ശേഷം ചോദ്യാവലി പൂരിപ്പിച്ച് വയോജന വികസനരേഖക്കുള്ള  റിപ്പോർട്ട് തയ്യാറാക്കി.

12-മണിയോടെ തിരിച്ചെത്തിയ വളണ്ടിയേഴ്സ് സ്കൂൾ പച്ചക്കറിത്തോട്ടനിർമ്മാണത്തിൽ പങ്കാളികളായി. ഉച്ചഭക്ഷണത്തിനുശേഷം ക്യാമ്പ് ക്ലീനിങ്ങും കഴിഞ്ഞ് ഫീഡ്ബാക്ക് സെഷന് വേണ്ടി ഒത്തുകൂടി. പ്രിൻസിപ്പൽ രാജീവ് ബോസ് ക്യാമ്പ് പേപ്പർ പ്രകാശനം ചെയ്തു. വളണ്ടിയേഴ്സ് ഫീഡ് ബാക്ക് പറഞ്ഞു. ഡയറിയും റിപ്പോർട്ടും മുഴുവനാക്കി ക്യാമ്പ് സമാപിച്ചു.

Saturday, October 22, 2022

എൻ.എസ്.എസ്. ദ്വിദിന സഹവാസ ക്യാംപ് "കൂടെ" ആരംഭിച്ചു - ഒക്ടോബർ 22, 2022

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. ദ്വിദിന സഹവാസ ക്യാംപ് "കൂടെ" ആരംഭിച്ചു. പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാൻ പി.ഷാജി ലഹരിവിരുദ്ധജ്വാല കൊളുത്തി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ, പി.ടി.എ. പ്രസിഡൻ്റ് കിനാതിയിൽ സാലിഹ്, വൈസ് പ്രസിഡൻ്റ് കെ.യൂസഫ്, പി.ടി.എ. മെമ്പർ സുനിൽ ബാബു, സ്റ്റാഫ് സെക്രട്ടറി വി.സി.മുഹമ്മദ് നസീൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ് സ്വാഗതവും വളണ്ടിയർ ലീഡർ കെ.നിവേത് നന്ദിയും പറഞ്ഞു. പ്രോഗ്രാം ഓഫീസർ പി. റസ്മ ക്യാംപ് പ്രോജക്ട് അവതരിപ്പിച്ചു.

രാവിലെ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന മെഗാചിത്രരചനയിൽ എൻ.എസ്.എസ്. വളണ്ടിയർമാർ പങ്കെടുത്തു. തുടർന്ന് ഗവ. ആയുർവേദ ആശുപത്രിയിൽ "പുസ്തകത്തണൽ" എന്ന പേരിൽ പൊതുവായനാ ഇടം തയ്യാറാക്കി. "ലഹരിക്കെതിരെ ഞാനും" എന്ന മുദ്രാവാക്യം മുൻനിർത്തി ലഹരിവിരുദ്ധ സെൽഫിബൂത്ത് സ്ഥാപിച്ചു. സ്കൂൾ കൃഷിത്തോട്ടപരിപാലനം, വയോജന ഗൃഹസന്ദർശനവും വികസനരേഖ തയ്യാറാക്കലും ഉൾപ്പെട്ട "വയോഹിതം" പ്രോജക്ട് എന്നിവ ക്യാംപ് പ്രവർത്തനങ്ങളാണ്. ക്യാംപ് 23 ന് സമാപിക്കും.





പുസ്തകത്തണൽ - ഒക്ടോബർ 22, 2022

"കൂടെ" ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പെരിന്തൽമണ്ണ ആയുർവേദ ആശുപത്രിയിൽ "പുസ്തകത്തണൽ" എന്ന പേരിൽ വായനാമൂല ഒരുക്കിക്കൊടുത്തു. എൻ.എസ്.എസ്. ക്യാമ്പ് ഓഫീസർ പി.റസ്‌മ നേതൃത്വം നൽകി.

വർജ്ജ്യം: ലഹരി വിരുദ്ധ സംഘ ചിത്രരചന - ഒക്ടോബർ 22, 2022

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന മെഗാ സംഘ ചിത്രരചനായത്നത്തിൽ ലഹരിവിരുദ്ധ ചിത്രങ്ങൾ വരച്ചും സ്ലോഗനുകൾ  എഴുതിയും വളണ്ടിയേഴ്സ് പങ്കാളികളായി. 2500 ലധികം ആളുകളുടെ പങ്കാളിത്തത്തോടെ നടത്തിയ പ്രോഗ്രാം ജനശ്രദ്ധയാകർഷിച്ചു.


Wednesday, October 19, 2022

വർജ്ജ്യം : ലഹരി വിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ - ഒക്ടോബർ 19, 2022

വർജ്ജ്യം-ലഹരിവിരുദ്ധ ക്യാംപെയിൻറെ  ഭാഗമായി വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റ് സിഗ്നേച്ചർ ക്യാമ്പയിന് തുടക്കമിട്ടു. ലഹരിവിരുദ്ധ പ്രതിജ്ഞ എഴുതിയ ബോർഡിൽ സ്കൂൾ പിടിഎ പ്രസിഡന്റ് കിനാതിയിൽ സാലിഹ് പേരെഴുതി ഒപ്പിട്ടു കൊണ്ടാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഫൗസിയ കെ.വി., ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ.പി., വിഎച്ച്എസ്ഇ പ്രിൻസിപ്പൽ രാജീവ് ബോസ് എന്നിവർ ഉദ്യമത്തിൽ പങ്കാളികളായി. മിനി ക്യാമ്പ് 2022-മായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി നടത്തിയ പ്രീ-ക്യാമ്പ് ഓറിയന്റേഷൻ പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കളും മറ്റു അധ്യാപകരും അനധ്യാപകരും എൻഎസ്എസ് വളണ്ടിയേഴ്സും സിഗ്നേച്ചർ ബോർഡിൽ ഒപ്പുവെച്ചു. എൻ.എസ്.എസ്. വളണ്ടിയർമാരുടെ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും ഈ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

വർജ്ജ്യം : ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം - ഒക്ടോബർ 19, 2022

എൻ.എസ്.എസ്. വളണ്ടിയർമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം നടത്തി. കേരള ഗവണ്മെന്റിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെയും എൻ.എസ്.എസ്. സ്റ്റേറ്റ് സെല്ലിന്റെ "വർജ്ജ്യം" പ്രോജക്ടിന്റെയും ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ കെ.വി. ഫൗസിയ പ്രദർശനം ഉദ്‌ഘാടനം ചെയ്‌തു.

പോസിറ്റീവ് പാരന്റിംഗ് - ഒക്ടോബർ 19, 2022




Tuesday, October 18, 2022

രക്ഷിതാക്കൾക്കുള്ള പ്രീ-ക്യാമ്പ് ഓറിയന്റേഷൻ - ഒക്ടോബർ 18, 2022

എൻ.എസ്.എസ്. ദ്വി-ദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. പി.ടി.ഏ. പ്രസിഡൻറ് കിനാതിയിൽ സാലിഹ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രാജീവ് ബോസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പി.റെസ്‌മ സ്വാഗതവും അദ്ധ്യാപകൻ കെ.റിയാസ് നന്ദിയും പറഞ്ഞു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ കെ.വി. ഫൗസിയ, ഹെഡ്മാസ്റ്റർ പി.സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.

Sunday, October 16, 2022

മനം മാനവം നേതൃത്വ പരിശീലന ക്യാമ്പ് - ഒക്ടോബർ 15 & 16, 2022

വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വളണ്ടിയർമാർക്കുള്ള നേതൃത്വ പരിശീലന ക്യാമ്പ് "മനം മാനവം" പുല്ലാനൂർ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ച് നടന്നു. സ്‌കൂളിനെ പ്രതിനിധീകരിച്ച് നിവേതും ആര്യയും ക്യാംപിൽ പങ്കെടുത്തു. അവർ തങ്ങളുടെ ക്യാമ്പ് അനുഭവങ്ങൾ മറ്റുള്ള വളണ്ടിയർമാരുമായി പങ്കുവെച്ചത് എല്ലാവർക്കും പ്രചോദനമായി.


Saturday, October 15, 2022

എൻറോൾമെൻറ് ഡേ 2022 - ഒക്ടോബർ 15, 2022

വിദ്യാർത്ഥി ദിനത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ ഒന്നാം വർഷ  വിഎച്ച്എസ്ഇ എൻഎസ്എസ്  വളണ്ടിയർമാരുടെ എൻറോൾമെന്റ് നടന്നു. പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിൽ സംഘടിപ്പിച്ച എൻറോൾമെൻറ് ഡേ 2022-ൽ  രണ്ടാം വർഷ വളണ്ടിയർ  ലീഡർ മുഹമ്മദ് മുബഷിർ എൻ.എസ്.എസ്. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് രണ്ടാം വർഷ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികളെ എൻ.എസ്.എസ്. ബാഡ്ജ് ധരിപ്പിച്ചു. രണ്ടാം വർഷ വളണ്ടിയർ ഫിദ.സി. സംസാരിച്ചു. പ്രോഗ്രാം ഓഫീസർ പി. റസ്‌മ നേതൃത്വം നൽകി.

Thursday, October 13, 2022

വർജ്ജ്യം: ലഹരി വിരുദ്ധ ബോധവൽക്കരണ ക്വിസ് - ഒക്ടോബർ 13, 2022

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. അധ്യാപകനായ കെ.റിയാസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.റസ്‌മ എന്നിവർ നേതൃത്വം നൽകി.എച്ച്.ഡി.റ്റി. വിദ്യാർത്ഥിനി പി.സി. ഫാത്തിമ ഫിദ ഒന്നാം സ്ഥാനവും എം.ഇ..ടി. വിദ്യാർത്ഥി ലെവിൻ ജോൺസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Wednesday, October 12, 2022

പെരിന്തൽമണ്ണ സബ്ജില്ലാ വർക്ക് എക്സ്പീരിയൻസ് മേള വിജയികൾ

എൻ.എസ്.എസ്. ഓറിയന്റേഷൻ ക്ലാസ് - ഒക്ടോബർ 12, 2022

ഒന്നാം വർഷ വളണ്ടിയർമാർക്കുള്ള ഓറിയെന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ എൻ.എസ്.എസ്. കോർഡിനേറ്റർ പ്രഭാകരൻ വെണ്ണൂർ ക്ലാസെടുത്തു.പ്രിൻസിപ്പൽ രാജീവ് ബോസ്, പ്രോഗ്രാം ഓഫീസർ പി.റസ്‌മ തുടങ്ങിയവർ പങ്കെടുത്തു.

Monday, October 10, 2022

വർജ്ജ്യം: ലഹരി വിരുദ്ധ വിദ്യാർത്ഥി റാലി - ഒക്ടോബർ 10, 2022

ലഹരിക്കെതിരെ പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരം നയിച്ച "റെലിക്റ്റ" വിദ്യാർത്ഥി റാലിയിൽ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വളണ്ടിയർമാരും പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ പി.റെസ്‌മ, അധ്യാപകരായ ഇസ്ഹാക്ക്, ഷിഹാബുദീൻ എന്നിവർ നേതൃത്വം നൽകി.



Friday, October 7, 2022

ലഹരി വിരുദ്ധ ക്യാംപയിൻ രക്ഷിതാക്കൾക്കുള്ള പരിശീലനം - ഒക്ടോബർ 7, 2022

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപയിൻ-ന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള പരിശീലനം സ്‌കൂളിൽ വെച്ച് നടന്നു. പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ് ഉദ്ഘാടനം ചെയ്തു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ഫൗസിയ.കെ.വി., വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ. പി. എന്നിവർ സംബന്ധിച്ചു. ഹയർസെക്കണ്ടറി റിസോഴ്സ് പേഴ്സൺ വാഹിദ്.വി. ക്ലാസ് കൈകാര്യം ചെയ്തു.

Saturday, September 24, 2022

എൻ.എസ്.എസ്‌. ഡേ ആഘോഷിച്ചു - സെപ്റ്റംബർ 24, 2022

സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ് പെരിന്തൽമണ്ണ ഗവ. ആശുപത്രിയുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചാണ് എൻ.എസ്.എസ്. ഡേ ആഘോഷിച്ചത്. വളണ്ടിയർമാർ കൊണ്ടുവന്ന 20 പേർ രക്തദാനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ് രക്തദാനം ചെയ്ത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ശേഷം സ്‌കൂളിൽ നടന്ന ചടങ്ങിൽ വളണ്ടിയർമാർ എൻ.എസ്.എസ്. പ്രതിജ്ഞ ചൊല്ലി. അധ്യാപകർ എൻ.എസ്.എസ്. സന്ദേശം കൈമാറി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ റസ്‌മ.പി. നേതൃത്വം നൽകി.

Tuesday, September 6, 2022

ഹയർസെക്കണ്ടറി (വൊക്കേഷണൽ) സപ്ലിമെന്ററി അലോട്ട്മെന്റ്

ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 12-09-2022 മുതൽ 14-09-2022 വൈകുന്നേരം 4 മണി വരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്.

Website: www.vhscap.kerala.gov.in

Saturday, September 3, 2022

ഓമനിക്കാൻ ഒരു ഓണക്കാലം : ഓണക്കോടി സമ്മാനിച്ചു

പെരിന്തൽമണ്ണ ഗവൺമെൻറ്  വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വി.എച്ച്എസ്ഇ വിഭാഗം എൻ.എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കോടി സമ്മാനിച്ചു.

കേരളമൊട്ടാകെ എൻഎസ്എസ് വൊളണ്ടിയർമാരുടെ നേതൃത്വത്തിലാണ്  അടിസ്ഥാന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ഏറ്റവും അർഹരായവരെ കണ്ടെത്തി ഓണക്കോടി സമ്മാനിക്കുന്നത്.

പെരിന്തൽമണ്ണ നഗരസഭയിലെ അഞ്ചാം വാർഡിൽ  താമസിക്കുന്ന അമ്മയ്ക്കും മകനുമാണ് ഓണക്കോടി സമ്മാനിച്ചത്. പ്രിൻസിപ്പൾ രാജീവ് ബോസിന്റെ നേതൃത്വത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ അസീസ് മാസ്റ്റർ, വൊളണ്ടിയർ ലീഡർ മുബഷിർ, പ്രണവ് എന്നിവർ വീട്  സന്ദർശിച്ചാണ് ഓണസമ്മാനം നൽകിയത്.

Thursday, August 25, 2022

നവീനം 2022 - ആഗസ്ത് 25, 2022

ഒന്നാം വർഷ ക്ളാസുകൾ തുടങ്ങുന്നതിന്റെ മുന്നോടിയായി കുട്ടികൾക്കും രക്ഷിതാക്കൾക്കും എൻ.എസ്.ക്യു.എഫ്‌. കോഴ്‌സുകളെക്കുറിച്ചും സാധ്യതകളെ കുറിച്ചും അവബോധം സൃഷ്ടിക്കാൻ നവീനം 2022 സംഘടിപ്പിച്ചു. എൽ.ടി.ആർ. ഇൻസ്ട്രക്ടർ ഇസ്‌ഹാഖ്.വി. ക്ലാസെടുത്തു. അധ്യാപകർ പരിചയപ്പെടുത്തി. ചടങ്ങിൽ ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ജോളി ജോസഫ്, ഹെഡ്മാസ്റ്റർ പി.സക്കീർ ഹുസൈൻ, വി.എച്ച്.എസ്.ഇ. സീനിയർ അദ്ധ്യാപകൻ മുഹമ്മദ് നസീൽ. വി.സി. തുടങ്ങിയവർ പങ്കെടുത്തു. കരിയർ മാസ്റ്റർ റസ്‌മ.പി. നേതൃത്വം നൽകി.

Sunday, August 21, 2022

വി.എച്ച്.എസ്.ഇ. അഡ്മിഷൻ മൂന്നാം അലോട്ട്മെന്റ്

വി.എച്ച്.എസ്.ഇ. മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആഗസ്ത് 24 ന് 4 മണി വരെ അഡ്മിഷൻ എടുക്കാം.

Thursday, August 18, 2022

"കയ്യൊപ്പ്" - സപ്തദിന ക്യാമ്പ് റിപ്പോർട്ട്

 "കയ്യൊപ്പ്" -  13/08/2022 (Day 2)

ആകാശ പറവകൾ സന്ദർശനം/പേപ്പർ ക്രാഫ്റ്റ്

സപ്ത ദിന സഹവാസ ക്യാമ്പിന്റെ രണ്ടാം ദിവസം രാവിലെ വളന്റിയർസ് പ്രഭാത നടത്തം നടന്നു. ഗ്രൂപ്പുകളായി തിരിഞ്ഞ് തിരംഗ പ്രയാൺ പദ്ധതിയുടെ ഭാഗമായി അധ്യാപിക സിന്ധു. കെ യുടെ നേതൃത്വത്തിൽ വീടുകളിൽ  ദേശീയ പാതക കൈമാറി. പ്രിൻസിപ്പൽ രാജീവ്  സാറിന്റെ നേതൃത്വത്തിൽ അസംബ്ലി നടത്തി. ക്യാമ്പ് പേപ്പർ അധ്യാപിക രശ്മി. കെ പ്രകാശനം ചെയ്തു. ഇന്നത്തെ പ്രധാന പ്രോഗ്രാം ആയ ആകാശപറവകൾ  അഗതി മന്ദിരം സന്ദർശിച്ചു. അവിടെ ഉള്ള അന്തേവാസികളായി പാട്ട് പാടിയും അനുഭവങ്ങൾ പങ്കു വെച്ചും സമയം ചിലവിട്ടു വേറിട്ട ഒരു അനുഭവമായി മാറി. സ്റ്റേറ്റ് കോ -ഓർഡിനേറ്റർ രഞ്ജിത്ത് സർ, ഡിസ്ട്രിക്ട് കോ -ഓർഡിനേറ്റർ ഫാസിൽ സർ ഇന്നത്തെ ക്യാമ്പിനെ ധന്യമാക്കി സന്ദർശിച്ചു. അവരുടെ വാക്കുകൾ കുട്ടികളിൽ കൂടുതൽ പ്രചോദനവും ആത്മവിശ്വാസവും പകർന്നു. ഉച്ചക്ക് ശേഷം പൂർവ്വ വിദ്യാർത്ഥിനി ഇഫ്രത്തിന്റെ ക്രാഫ്റ്റ് പേപ്പർ സെഷൻ നടന്നു. മിതം പ്രൊജക്ടിന്റെ ഭാഗമായി വളന്റിയർസ് വീടുകളിൽ പോയി ഊർജ സംരക്ഷണ ബോധവൽക്കരണം നടത്തി. ഭക്ഷ്യ സുരക്ഷ കമ്മീഷൻ മെമ്പർ ശ്രീ രമേഷ് വളന്റിയർസുമായി സംവദിച്ചു. രാത്രി വളന്റിയർസിന്റെ ഫീഡ് ബാക്ക് സെഷൻ നടന്നു. രണ്ട് ദിവസം കൊണ്ടുണ്ടായ മാറ്റങ്ങളെ കുറിച്ച് വളന്റിയർസ് വാചാലരായി. കൂടുതൽ വളന്റിയർസ് ഫീഡ്ബാക്ക് പറഞ്ഞു. കലാ പരിപാടികളിൽ എല്ലാവരും പങ്കെടുത്തു.

"കയ്യൊപ്പ്" - 14/08/2022 (Day 3)

മോട്ടിവേഷൻ / സ്വച്ഛം അമൃതം.. ബോട്ടാണിക്കൽ ഗാർഡൻ ശുചീകരണം.

സപ്ത ദിന സഹവാസ ക്യാമ്പിന്റെ മൂന്നാം ദിവസം രാവിലെ വളന്റിയർസ് അധ്യാപിക രാധിക. എം. ജി യുടെ നേതൃത്വത്തിൽ അസംബ്ലി കൂടി. ക്യാമ്പ് പേപ്പർ പ്രദർശിപ്പിച്ചു. യൂത്ത് കോ -ഓർഡിനേറ്റർ റഹീം സാറിന്റെ  തകർപ്പൻ മോട്ടിവേഷൻ സെഷൻ വളന്റിയർസ് ആഘോഷമാക്കി. ശേഷം ഉണ്ടായ പി. എ. സി. മെമ്പർ സിയോജ് സാറിന്റെ സന്ദർശനത്തോടെ വളന്റിയർസ് ഒന്നും കൂടെ ഊർജസ്വലരായി. ഉച്ചക്ക്  ശേഷം സ്വച്ഛം അമൃതം പദ്ധതിയുടെ ഭാഗമായി വളന്റിയർസ് അദ്ധ്യാപിക രശ്മി. കെ യുടെയും സജ്‌ന അമ്പലകുത്തിന്റെയും നേതൃത്വത്തിൽ വലമ്പൂർ ബോട്ടാണിക്കൽ ഗാർഡൻ ശുചീകരിച്ചു. കുറ്റിപ്പുറം മേഖല റീജിയൺ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ എം. ഉബൈദുള്ള സാറിന്റെ സന്ദർശനം ഇന്നത്തെ ക്യാമ്പിനെ കൂടുതൽ അർത്ഥമുള്ളവാക്കി. സാറിന്റെ വാക്കുകൾ കൂടുതൽ പ്രചോദനം നൽകുന്നതായി വളന്റിയർസ് അഭിപ്രായപെട്ടു. രാത്രി ഫീഡ്ബാക്ക് സെഷനും കലാപരിപാടികളും നടന്നു. പിന്നോട്ട് നിന്ന കുറെ വളന്റിയർസ് ഉത്സാഹത്തോടെ മുന്നോട്ട് വന്ന് മനോഹരമായി  പരിപാടികൾ അവതരിപ്പിച്ചു.

"കയ്യൊപ്പ്" - 15/08/2022 (Day 4)

സ്വാതന്ത്ര്യ ദിനാഘോഷം/പേപ്പർ ബാഗ് നിർമ്മാണം /മിതം 

സപ്ത ദിന സഹവാസ ക്യാമ്പിന്റെ നാലാം ദിവസം രാവിലെ വളന്റിയർസ് പ്രഭാത നടത്തം നടന്നു. അദ്ധ്യാപിക സിന്ധു.കെ-യുടെ നേതൃത്വത്തിൽ നടന്ന  അസംബ്ലിയിൽ ക്യാമ്പ് പേപ്പർ പ്രകാശനം ചെയ്തു. സ്വാതന്ത്ര്യത്തിൻ്റെ 75-മത് വാർഷികം സമുചിതമായി  ആഘോഷിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ജോളി ജോസഫ് പതാക ഉയർത്തി. ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ പി. സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ. അമ്പിളി എന്നിവർ സംസാരിച്ചു. സ്കൂൾ പി.ടീ.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും തുടർന്ന് നടന്നു. മിതം പ്രൊജക്ടിന്റെ ഭാഗമായി അധ്യാപികരായ രാധിക. എം. ജി, സജ്‌ന. എ എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ  ഊർജ്ജ സംരക്ഷണ ബോധവൽക്കരണം നടത്തി. ഉച്ചക്ക്  ശേഷമുള്ള സെഷൻ പേപ്പർ ബാഗ് നിർമ്മാണം ആയിരുന്നു. "പരിസ്ഥിതിസൗഹൃദ, പ്ലാസ്റ്റിക്-വിമുക്ത വിദ്യാലയം" എന്ന  ആശയം മുൻനിർത്തി നടത്തിയ ഈ പ്രവർത്തനത്തിന് രണ്ടാം വർഷ വിദ്യാർഥിനി റിൻഷ ഫാത്തിമ നേതൃത്വം നൽകി. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിക്കാതെ പേപ്പർ ബാഗുകൾ ഉപയോഗിക്കാനും അത് വഴി പരിസ്ഥിതി സംരക്ഷിക്കാനും ഈ പരിശീലനം സഹായകമാകുമെന്ന് പ്രോഗ്രാം ഓഫീസർ എൻ. അമ്പിളി പറഞ്ഞു. വൈകുന്നേരം ഫീഡ്ബാക്ക് സെഷൻ നടന്നു. വളന്റിയർസ് കൂടുതൽ ഊർജസ്വലാരായി.

"കയ്യൊപ്പ്" - 16/08/2022 (Day 5)

അടുക്കളതോട്ട പരിപാലനം /ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ  വിസിറ്റ് /മിതം

സപ്ത ദിന സഹവാസ ക്യാമ്പിന്റെ അഞ്ചാം ദിവസം രാവിലെ വളന്റിയർസ് പ്രഭാത നടത്തം നടന്നു. അദ്ധ്യാപിക രാധിക. എം. ജി യുടെ നേതൃത്വത്തിൽ നടന്ന  അസംബ്ലിയിൽ ക്യാമ്പ് പേപ്പർ ഹൈസ്കൂൾ അദ്ധ്യാപിക ഹസീന ടീച്ചർ പ്രകാശനം ചെയ്തു. എല്ലാ വളന്റിയർസും ഒരു മിനിറ്റ് മൈക്ക് എടുത്ത് സംസാരിച്ചു. തുടർന്ന് അടുക്കളതോട്ടപരിപാലനവും ശുചീകരണ പ്രവർത്തനങ്ങളും നടന്നു. ഉച്ചക്ക് ശേഷം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സന്ദർശിച്ചു. അവിടെ ക്ലാസും മോക്ക് ഡ്രില്ലും അതി ഗംഭീരമായി സ്റ്റേഷൻ മാസ്റ്റർ അബ്ദുൾ സലീം നടത്തി. ശേഷം സ്കൂളിൽ എത്തി വളന്റിയർ ഹർഷ  ഷെറിന്റെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചു. തൊട്ടടുത്ത ദിവസത്തെ നേത്ര പരിശോധന ക്യാമ്പിലേക്കുള്ള മുന്നൊരുക്കങ്ങൾ നടത്തി.

"കയ്യൊപ്പ്"  - 16/08/2022 (Day 6)

ദൃഢഗാത്രം/തെരുവ് മൈo/മിതം 

സപ്ത ദിന സഹവാസ ക്യാമ്പിന്റെ ആറാം ദിവസം രാവിലെ പ്രിൻസിപ്പൽ രാജീവ് ബോസ്. എം. പി. യുടെ നേതൃത്വത്തിൽ നടന്ന അസംബ്ലിയിൽ ക്യാമ്പ് പേപ്പർ അദ്ധ്യാപിക സജ്‌ന. എ പ്രകാശനം ചെയ്തു. സ്കൂളിൽ വച്ച് സൗജന്യ നേത്രപരിശോധനയും ഹെൽത്ത് ചെക്കപ്പും നടത്തി. പെരിന്തൽമണ്ണ നഗരസഭ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മനോജ് ഉദ്ഘാടനം ചെയ്തു. പി.ടീ.എ. പ്രസിഡൻ്റ് കിനാതിയിൽ സാലിഹ് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ അൽ-സലാമ കണ്ണാശുപത്രിയുമായും ഗവ. ഹോസ്പിറ്റലുമായും സഹകരിച്ച് "ദൃഢഗാത്രം" പ്രോജക്ടിൻ്റെ ഭാഗമായാണ് ക്യാംപ് സംഘടിപ്പിച്ചത്. പി.ടി.എ. മെമ്പർ കെ.യൂസഫ്, പ്രിൻസിപ്പൽ രാജീവ് ബോസ്, ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, പ്രോഗ്രാം ഓഫീസർ എൻ.അമ്പിളി, അൽസലാമ ഹോസ്പിറ്റലിലെ ഡോ. ആലിയ, ഗവ. ഹോസ്പിറ്റൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സക്കീർ ഹുസൈൻ, വളണ്ടിയർ സെക്രട്ടറി മുബഷിർ തുടങ്ങിയവർ സംസാരിച്ചു.  സൗജന്യ നേത്ര പരിശോധന, ഷുഗർ, ബി.പി., ബി.എം.ഐ. ചെക്കപ്പുകളും ഡോക്ടറുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരുന്നു. മൂന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു ക്യാമ്പ് വൻവിജയമാക്കി തീർത്തു. സമജീവനം തെരുവ് മൈo മുൻസിപ്പൽ കോംപ്ലക്സ്കിലും മൂസക്കുട്ടി ബസ്സ്റ്റാൻഡിലും വളന്റിയർസ് അവതരിപ്പിച്ചു. രാത്രി ഫീഡ് ബാക്ക് സെഷനും കലാപരിപാടികളും നടന്നു.

"കയ്യൊപ്പ്" - 17/08/2022 (Day 7)

സമാപന സമ്മേളനം/ക്യാമ്പസ് ശുചീകരണം

സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഏഴാം ദിവസം രാവിലെ പ്രിൻസിപ്പൽ രാജീവ് ബോസിന്റെ നേതൃത്വത്തിൽ അസംബ്ലി ചേർന്നു. ഒരു ക്യാമ്പ് പേപ്പർ പ്രിൻസിപ്പൽ രാജീവ് സർ പ്രകാശനം ചെയ്തു. മറ്റൊന്ന് പി ടി എ പ്രസിഡന്റ് കിനാതിയിൽ സാലിഹ്‌ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ രാജീവ് ബോസിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം പി ടി എ പ്രസിഡന്റ് കിനാതിയിൽ സാലിഹ്‌ ഉത്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ അമ്പിളി. എൻ സ്വാഗതം ആശംസിക്കുകയും വളന്റിയർ ലീഡർ മുഹമ്മദ് മുബഷീർ. കെ. ടി നന്ദി അറിയിക്കുകയും ചെയ്തു. അധ്യാപകരായ രശ്മി. കെ, രാധിക. എം. ജി., മണിലാൽ, ഷിഹാബുദീൻ വി.കെ. എന്നിവർ ആശംസകൾ നേർന്നു. വളന്റിയർസ് മികച്ച ഫീഡ്ബാക്കുകൾ പറഞ്ഞു. എല്ലാ വളന്റിയർസിനും  സമ്മാനങ്ങൾ നൽകി. പരിസരം എല്ലാം ശുചീകരിച്ചു. സപ്ത ദിന ക്യാമ്പ് കയ്യൊപ്പിന്റെ നിർമാർന്ന ഓർമ്മകൾക്കായി നാനാ വർണ്ണങ്ങൾ കൈയിലാക്കി വെള്ളതുണിയിൽ പതിപ്പിച്ചു നിർവൃതി കൊണ്ട് എല്ലാവരും നിറഞ്ഞ ഓർമ്മകളോടെ  വിഷമത്തോടെ യാത്ര പറഞ്ഞു പിരിഞ്ഞു. ക്യാമ്പ് സമാപിച്ചു. 

Monday, August 15, 2022

വി.എച്ച്.എസ്.ഇ. രണ്ടാം അലോട്ട്മെന്റ്

വി.എച്ച്.എസ്.ഇ. രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആഗസ്ത് 17ന് 4 മണി വരെ അഡ്മിഷൻ എടുക്കാം.

Friday, August 12, 2022

കയ്യൊപ്പ് - എൻ.എസ്.എസ്. സപ്ത ദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

എൻ.എസ്.എസ്. സപ്ത ദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചുള്ള രജിസ്ട്രേഷൻ 3 മണിക്ക് തന്നെ ആരംഭിച്ചു. "കയ്യൊപ്പ്" എന്ന പേരിലുള്ള ക്യാമ്പിന്റെ ഔപചാരികമായ  ഉത്ഘാടനം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ നസീറ.എ. നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ പി ടി എ പ്രസിഡന്റ് കിനാതിയിൽ സാലിഹ്‌ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രാജീവ് ബോസ് സ്വാഗതം ആശംസിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ജോളി ജോസഫ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, സീനിയർ അദ്ധ്യാപിക രശ്മി.കെ എന്നിവർ ആശംസകൾ  നേർന്നു . പ്രോഗ്രാം ഓഫീസർ അമ്പിളി. എൻ. നന്ദി അറിയിച്ചു. തുടർന്ന് വിളംബര ജാഥ നടത്തി. അതിന് ശേഷം "സജ്ജം" പദ്ധതിയുടെ ഭാഗമായി മൗലാനാ ഹോസ്പിറ്റലുമായി സഹകരിച്ച് ഫസ്റ്റ് എയ്ഡ് ഡെമോൺസ്ട്രേഷൻ ക്ലാസ് നടന്നു. ഐസ് ബ്രേക്കിങ്ങ് സെഷൻ അസ്‌ലം കൈകാര്യം ചെയ്തു. രാത്രി 10 മണിയോടെ ഫീഡ് ബാക്ക് നടന്നു. ഒരു പാട് നല്ല ആദ്യദിന ക്യാമ്പ് അനുഭവങ്ങൾ വിദ്യാർത്ഥികൾ പങ്കുവെച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു.


Thursday, August 11, 2022

മിതം - ബോധവൽക്കരണ ക്ലാസ്: ആഗസ്ത് 11, 2022

എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് "കയ്യൊപ്പ്"-ൻറെ മുന്നോടിയായി പൊതുജനങ്ങളിൽ ഊർജ്ജസംരക്ഷണത്തിന്റെ അവബോധം സൃഷ്ടിക്കാൻ വേണ്ടിയുള്ള "മിതം" പ്രൊജക്ടിൻന്റെ ഗൃഹ സന്ദർശനത്തിന് മുന്നോടിയായി  വളണ്ടിയർമാർക്ക് പെരിന്തൽമണ്ണ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ&  അസിസ്റ്റന്റ് എഞ്ചിനീയർ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രോഗ്രാം ഓഫീസർ എൻ.അമ്പിളി, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Thursday, August 4, 2022

വി.എച്ച്.എസ്.ഇ. ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

വി.എച്ച്.എസ്.ഇ. ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നാളെ (05-08-2022) മുതൽ അഡ്മിഷൻ എടുക്കാവുന്നതാണ്. ആഗസ്ത് 10 ആണ് അവസാന തിയതി.

Friday, July 22, 2022

ചാന്ദ്രദിനം - ജൂലൈ 21, 2022

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21.ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്രദിനമായി ആഘോഷിക്കുന്നത്. ചാന്ദ്രദിനാഘോഷങ്ങളുടെ ഭാഗമായി വളണ്ടിയർമാർക്കിടയിൽ ഫോട്ടോഗ്രാഫി മത്സരം നടത്തി. രണ്ടാം വർഷ എം.ഇ.ടി. വിദ്യാർത്ഥി ലെവിൻ ജോൺസ് ഒന്നാമതായി.

Monday, July 18, 2022

വി.എച്ച്.എസ്ഇ. പ്രവേശനത്തിനുള്ള അവസാന തിയതി 21-07-2022

2022-23 അധ്യയന വർഷത്തെ ഒന്നാം വർഷ അഡ്മിഷന് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 21 വരെ ദീർഘിപ്പിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

Monday, July 11, 2022

പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിൽ പുതിയ എൻ.എസ്.ക്യു.എഫ്‌. കോഴ്‌സുകൾ

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഈ വര്ഷം മുതൽ പുതിയ എൻ.എസ്.ക്യു.എഫ്. കോഴ്‌സുകളായ ലാബ് ടെക്‌നീഷ്യൻ - റീസേർച്ച് & ക്വാളിറ്റി കൺട്രോൾ, ഹാൻഡ്‌ഹെൽഡ് ഡിവൈസ് (ഹാൻഡ്‌സെറ്റ് & ടാബ്‌ലെറ്റ്) ടെക്‌നിഷ്യൻ എന്നീ കോഴ്‌സുകൾ ആരംഭിക്കുന്നു. പുതിയ കാലഘട്ടത്തിലെ രണ്ട് ജോലി സാധ്യതയുള്ള കോഴ്‌സുകളാണ് ഇവ രണ്ടും. ഓരോ കോഴ്‌സിനും 30 സീറ്റുകൾ വീതമാണുള്ളത്. വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ അഡ്മിഷൻ ഹെൽപ് ഡെസ്ക് സ്‌കൂളിൽ പ്രവർത്തിക്കുന്നുണ്ട്.