Tuesday, September 26, 2023

ഉത്തരവാദിത്ത ടൂറിസം: ബോധവൽക്കരണ ക്ലാസ് - സെപ്റ്റംബർ 26, 2023

ടൂറിസം ദിനത്തോടനുബന്ധിച്ച് "ഉത്തരവാദിത്ത ടൂറിസം" എന്ന വിഷയത്തിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ടൂറിസം പ്രൊമോഷൻ മലപ്പുറം ജില്ലാ കോഓർഡിനേറ്റർ സിബിൻ.ടി.പോൾ ക്ലാസ് നയിച്ചു. 

Sunday, September 24, 2023

എൻ.എസ്.എസ്. ദിനം - സെപ്റ്റംബർ 24, 2023

മലപ്പുറം ജില്ലയിലെ വെട്ടത്തൂർ ഉള്ള "ആകാശ പറവ"യിലെ അന്തേവാസികളോടൊപ്പമാണ് ഒന്നാം വർഷ വളണ്ടിയർമാർ  എൻ.എസ്.എസ്. ദിനം ആചരിച്ചത്. അഗതികളും അനാഥരുമായ വൃദ്ധന്മാരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ ഏകദേശം നൂറോളം അന്തേവാസികളാണ് ആകാശ പറവയിൽ ഉള്ളത്. പാട്ടുപാടിയും അവരുടെ കലാപരിപാടികൾ ആസ്വദിച്ചും അവരുമായി സംവദിച്ചും മധുരം വിതരണം ചെയ്തും വളണ്ടിയർമാർ ഈ ദിനം സാർത്ഥകമാക്കി.

Saturday, September 23, 2023

വിത്ത് പേന നിർമ്മാണം രണ്ടാം ഘട്ടം - സെപ്റ്റംബർ 23, 2023

പൂർവ വിദ്യാർത്ഥിയുടെ ചികിത്സാ സഹായത്തിനായി തുടങ്ങി വെച്ച വിത്ത് പേന നിർമ്മാണം ആവശ്യക്കാരുടെ ബാഹുല്യം പരിഗണിച്ച് രണ്ടാം ഘട്ടം പൂർത്തിയാക്കി. മുൻകൂട്ടി ഓർഡർ തന്നവർക്ക് പാർസൽ ചെയ്ത് അയക്കുകയും ചെയ്തു.

എൻ.എസ്.എസ്. ദിനാഘോഷങ്ങൾക്ക് തുടക്കം

രണ്ടാം വർഷ എൻ.എസ്.എസ്. വളണ്ടിയർമാർ പൊതിച്ചോറ് വിതരണം നടത്തിയും സാകേതം വൃദ്ധസദനം സന്ദർശിച്ചും എൻ.എസ്.എസ്. ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

Thursday, September 21, 2023

മൈൻഡ് ഫുൾനെസ്സ് - സെപ്റ്റംബർ 21, 2023

ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള മൈൻഡ് ഫുൾനെസ് ക്ലാസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സിജി ട്രെയിനർ ആയ ഫയാസ് ഹബീബ് ക്ലാസ് കൈകാര്യം ചെയ്തു. വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. കരിയർ മാസ്റ്റർ കെ.റിയാസ്, അധ്യാപകനായ സി.അബ്ദുൾ അസീസ് എന്നിവർ പങ്കെടുത്തു.

Wednesday, September 20, 2023

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് - സെപ്റ്റംബർ 20, 2023

എൻ.എസ്.എസ്. യൂണിറ്റ് പെരിന്തൽമണ്ണ അൽ സലാമ കണ്ണാശുപത്രിയുമായി സഹകരിച്ച് സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പരിസരവാസികൾക്കുമായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മുതൽ വൈകീട്ട് 3 വരെ നീണ്ട ക്യാംപിൽ കാഴ്ച വൈകല്യം കണ്ടെത്തിയവർക്കായി അൽ സലാമ കണ്ണാശുപത്രിയുടെ ചികിത്സാ ഡിസ്‌കൗണ്ട് കാർഡ് വിതരണം ചെയ്തു.

Monday, September 11, 2023

ഹാബിറ്റ് സ്ളേറ്റ്

സ്‌കൂളിലെ "ഹാബിറ്റ് സ്ളേറ്റി"ന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ രാജീവ് ബോസ് നിർവഹിച്ചു. ഓരോ ദിവസവും ഒരു പോസിറ്റിവ് ചിന്താശകലവുമായി ഇനി ഹാബിറ്റ് സ്ളേറ്റ് പെരിന്തൽമണ്ണ സ്‌കൂളിലും ഉണ്ടാവും. സ്‌കൂൾ എൻ.എസ്.എസ്. വളണ്ടിയർമാരാണ് ഇതിന്റെ പരിപാലനം നിർവഹിക്കുന്നത്. "A Good Thought makes a Good Day" എന്ന ആശയം നടപ്പിലാക്കുന്നതാണ് ഹാബിറ്റ് സ്ളേറ്റ് പ്രോജക്‌ട്.

Friday, September 8, 2023

സ്‌കൂൾ കലോത്സവം 2023

പെരിന്തൽമണ്ണ ഗേൾസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ കലോത്സവം സെപ്റ്റംബർ 7, 8 തിയ്യതികളിലായി നടന്നു. 7-ന് നടന്ന ഉദ്‌ഘാടന ചടങ്ങിൽ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഫെയിം ശ്രിദ വൈഷ്‌ണ വിശിഷ്ടാതിഥിയായി. പെരിന്തൽമണ്ണ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ നെച്ചിയിൽ മൻസൂർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡൻറ് കെ. മുഹമ്മദ് സ്വാലിഹ്, പ്രിന്സിപ്പൽമാരായ സി.എം.ലത, എം.പി. രാജീവ് ബോസ്, ഹെഡ്‌മാസ്റ്റർ പി. സക്കീർ ഹുസൈൻ, കലോത്സവ കൺവീനർ പി.എൻ. ജീവൻലാൽ എന്നിവർ സംസാരിച്ചു.  വിവിധ ഇനങ്ങളിലായി നടന്ന വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങൾ മികച്ച ആസ്വാദനാനുഭവങ്ങളായി.

അന്താരാഷ്ട്ര ശുദ്ധവായുദിനാചരണം - സെപ്റ്റംബർ 08, 2023

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഗവ. ഹോസ്പിറ്റലിൽ വെച്ച് നടന്ന "ശുദ്ധവായുവിനായി ഒരുമിക്കാം" എന്ന വിദ്യാഭ്യാസ ക്യാമ്പയിനിലും ചർച്ചയിലും എൻ.എസ്.എസ്. വളണ്ടിയർമാർ പങ്കെടുത്തു. ജില്ലാ തല ഉദ്ഘാടനം ബഹു. സബ് കളക്ടർ ശ്രീധന്യ സുരേഷ് ഐ.എ.എസ്. നിർവഹിച്ചു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി.ഷാജി അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു എന്നിവർ സംസാരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ടി.അനീഷ്, പൊല്യൂഷൻ കൺട്രോൾ ബോർഡ് എഞ്ചിനീയർ ജി. വരുൺ നാരായണൻ, കെ.എസ്.ഇ.ബി. അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ഫൈസൽ റഹ്‌മാൻ പാഴേരി എന്നിവർ വിഷയാവതരണം നടത്തി.

Friday, August 25, 2023

ഓണാഘോഷം 2023

സ്‌കൂൾ ഓണാഘോഷം വിപുലമായ ചടങ്ങുകളോടെ നടന്നു. ആഘോഷത്തിന്റെ ഭാഗമായി പൂക്കള മത്സരം, ഓണക്കളികൾ, വടംവലി മത്സരം, ശിങ്കാരി മേളം തുടങ്ങിയവയും സംഘടിപ്പിച്ചു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടി.

Thursday, August 24, 2023

ന്യൂസ് പേപ്പർ ചാലഞ്ച് കൊണ്ട് ഓണക്കിറ്റ്

ന്യൂസ് പേപ്പർ ചലഞ്ചിലൂടെ ശേഖരിച്ച തുകകൊണ്ട് നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി എൻഎസ്എസ് വളണ്ടിയർമാർ ഓണാഘോഷത്തിന് മാറ്റുകൂട്ടി. പലചരക്കും ഓണസദ്യക്ക് ആവശ്യമായ പച്ചക്കറികളും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ വീട്ടിലുള്ള പഴയ പത്രക്കടലാസുകൾ വിറ്റ് കിട്ടിയ തുക ഉപയോഗിച്ചാണ് ഓണക്കിറ്റ് നൽകിയത്. പ്രോഗ്രാം ഓഫീസർ പി.റസ്‌മ നേതൃത്വം നൽകി.

Tuesday, August 15, 2023

സമന്വയ - ദ്വിദിന സഹവാസ ക്യാമ്പ്

പെരിന്തൽമണ്ണ ഗവ. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റ് ഒന്നാം വർഷ വളണ്ടിയർമാർക്കായി ആഗസ്ത് 14, 15 തിയ്യതികളിലായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് "സമന്വയ" സാമൂഹ്യ പ്രാധാന്യമുള്ള പ്രോജക്ടുകൾ കൊണ്ട് ശ്രദ്ധേയമായി.

വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ ചൂഷണത്തിനെതിരെ സമത്വ ജ്വാല തെളിയിച്ചുകൊണ്ട് പെരിന്തൽമണ്ണ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ എ. നസീറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കിനാതിയിൽ സാലിഹ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എം. പി. രാജീവ് ബോസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സി.എം.ലത, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാത്തിമത്ത് സുഹറ, സുനിൽ ബാബു, അധ്യാപകരായ നന്ദകുമാർ, റസ്മ, വളണ്ടിയർ സെക്രട്ടറി ഫൗസാൻ എന്നിവർ സംസാരിച്ചു. 

ആരോഗ്യവകുപ്പുമായി സഹകരിച്ച് പൊതുജനങ്ങൾക്കായി "ദൃഢഗാത്രം" എന്ന പേരിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പും സമീപവീടുകളിൽ അടുക്കള കലണ്ടർ വിതരണവും, "തുല്യം" പ്രോജക്റ്റിന്റെ ഭാഗമായി ജൻഡർ ഓഡിറ്റിങ്ങും വളണ്ടിയർമാർ നടത്തി.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പരിസ്ഥിതിസൗഹൃദ വിത്ത് പേന നിർമ്മാണവും വിപണനവും നടത്തിയാണ് ക്യാമ്പ് സമാപിച്ചത്. ഇതിൽ നിന്നും കണ്ടെത്തിയ തുക സഹപാഠിയുടെ ചികിത്സാ സഹായത്തിനായി വിനിയോഗിക്കും.

ദൃഢഗാത്രം - ജീവിതശൈലി രോഗനിർണയ ക്യാമ്പ്

പെരിന്തൽമണ്ണ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗം എൻ.എസ്.എസ്. യൂണിറ്റും പെരിന്തൽമണ്ണ ഗവൺമെന്റ് ജില്ലാ ആശുപത്രിയും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി എൻ.എസ്എസ് ദ്വിദിന സഹവാസ മിനി ക്യാമ്പിന്റെയും ദൃഢഗാത്രം  പദ്ധതിയുടെയും ഭാഗമായി ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സൗജന്യമായി പ്രമേഹം, രക്ത സമ്മർദ്ദം, ഹീമോഗ്ലോബിൻ, ബോഡി മാസ് ഇൻഡക്സ് എന്നീ ടെസ്റ്റുകൾ നടത്തി പൊതുജനങ്ങളെയും കുട്ടികളെയും ബോധവൽക്കരിച്ചു.

ചടങ്ങ്  പെരിന്തൽമണ്ണ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കിനാതിയിൽ സ്വാലിഹ് അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ  പി. റസ്മ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ സെന്തിൽകുമാർ, ജെപി എച്ച് എൻ  ഫസീല, ആർ ബി എസ് കെ നഴ്സ് റജില, ആശാവർക്കർ ലീല, സി.ജി.സി.സി കോഡിനേറ്റർ കെ. റിയാസ്, അധ്യാപകരായ വി. ഇസ്ഹാഖ്, ഫാത്തിമ ജാസ്മിൻ, വിൻസി സെബി, എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ  എം. പി രാജീവ് ബോസ്  സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി വി. സി മുഹമ്മദ് നസീൽ നന്ദിയും പറഞ്ഞു.

Thursday, August 10, 2023

എൻ.എസ്.എസ്. എൻറോൾമെൻറ് ഡേ - ആഗസ്ത് 10, 2023

വി.എച്ച്.എസ്.ഇ. ഒന്നാം വർഷ വിദ്യാർത്ഥികൾ പ്രതിജ്ഞ കൈക്കൊണ്ട് എൻ.എസ്.എസ്. വളണ്ടിയർമാരായി എൻറോൾ ചെയ്യുന്ന ചടങ്ങ് സ്‌കൂൾ ഹാളിൽ വെച്ച് നടന്നു. രണ്ടാം വർഷ വളണ്ടിയർ ലീഡർമാരായ പി.സാരംഗ്, ഷിബിന ഷെറിൻ എന്നിവർ നേതൃത്വം നൽകി. രണ്ടാം വർഷ വളണ്ടിയർമാർ ഒന്നാം വർഷ വളണ്ടിയർമാർക്ക് എൻ.എസ്.എസ്. ബാഡ്‌ജ് കൈമാറി.

"Pen Bin" - Pen Box Challenge

മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സ്‌കൂളിൽ പെൻ ബോക്സ് ചാലഞ്ച് - "എഴുതി തീർന്ന സമ്പാദ്യം" ആരംഭിച്ചു. ഈ ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾ എഴുതി തീർന്ന പേനകൾ വലിച്ചെറിയുന്നതിന് പകരം സ്‌കൂളിൽ ലഭ്യമായിട്ടുള്ള പെൻ ബിന്നിൽ നിക്ഷേപിക്കും. സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് പെൻ ബിൻ സജ്ജീകരിച്ചത്. മാലിന്യ സംസ്കരണം ശാസ്ത്രീയമായി നൽകുന്നതിനെ കുറിച്ച് എൻ.എസ്.എസ്. വളണ്ടിയർ നിവേദ് സംസാരിച്ചു. പ്ലാസ്റ്റിക് പേനയുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി മഷിപ്പേനകളിലേക്ക് മാറി ചിന്തിക്കാനും തീരുമാനിച്ചു.


Wednesday, August 9, 2023

രക്ഷാകർതൃ യോഗം - ആഗസ്ത് 09, 2023

ആഗസ്ത് 14, 15 തിയ്യതികളിലായി നടക്കുന്ന എൻ.എസ്.എസ്. മിനി ക്യാംപിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒന്നാം വർഷ വളണ്ടിയർമാരുടെ രക്ഷാകർതൃയോഗം നടത്തി. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ് ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എം.പി. രാജീവ് ബോസ്, പ്രോഗ്രാം ഓഫീസർ പി. റസ്‌മ, ക്ലാസ് അധ്യാപകൻ സി. അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.

പോസിറ്റിവ് പാരന്റിങ് ക്ലാസ് - ആഗസ്ത് 09, 2023

കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ടി.കെ. അബ്ദുൾ ഷുക്കൂർ ക്‌ളാസ് നയിച്ചു. പ്രിൻസിപ്പൽ എം.പി.രാജീവ് ബോസ്, കരിയർ മാസ്റ്റർ കെ.റിയാസ് തുടങ്ങിയവർ പങ്കെടുത്തു.

ഹിരോഷിമ ദിനം - ആഗസ്ത് 09, 2023

ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി ഡോക്യൂമെന്ററി പ്രദർശനവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു. പ്രദർശനത്തിൽ "The Fall and Rise of Japan" ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. പ്രസംഗ മത്സരത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികളായ ജ്യോതിഷ് ബിജു, ഫൗസാൻ അബ്ദുൾ അഹദ്, നുഹ അനീസ് എന്നിവർ വിജയികളായി.

Sunday, August 6, 2023

എൻ.എസ്.എസ്. ഒന്നാം വർഷ ലീഡർഷിപ്പ് ക്യാമ്പ്

കുറ്റിപ്പുറം മേഖലയുടെ കീഴിൽ വരുന്ന വിദ്യാലയങ്ങളിലെ ഒന്നാം വർഷ എൻ.എസ്.എസ്. വളണ്ടിയർമാർക്കുള്ള ലീഡർഷിപ്പ് ക്യാമ്പ് കൂനത്തറ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ച്  ആഗസ്ത് 5, 6 തിയ്യതികളിലായി നടന്നു. പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യെ പ്രതിനിധാനം ചെയ്ത് ഒന്നാം വർഷ വളണ്ടിയർമാരായ ഫൗസാൻ അബ്ദുൾ അഹദ്, ഫാത്തിമ സൻഹ എന്നിവർ പങ്കെടുത്തു. ലീഡർഷിപ്പ് ക്യാമ്പിൽ പങ്കെടുത്ത വളണ്ടിയർ ലീഡർമാർ ക്യാമ്പ് അനുഭവം മറ്റു വളണ്ടിയർമാരുമായി പങ്കുവെച്ചു.ഒന്നാം വർഷ വളണ്ടിയർമാർക്കുള്ള എൻഎസ്എസ് ഡയറി വിതരണ ഉദ്ഘാടനം പ്രിൻസിപ്പൽ എം.പി. രാജീവ്  ബോസ് നിർവഹിച്ചു.

Friday, August 4, 2023

POCSO Act വിദ്യാർത്ഥികൾക്കുള്ള പരിശീലനം - ആഗസ്ത് 04, 2023

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള പോക്‌സോ ആക്ട് വിദ്യാർത്ഥി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി.ആർ.സി. യുടെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ നടന്ന പരിശീലന പരിപാടികളുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം ലഭിച്ച അധ്യാപകർ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തിയത്. ജില്ലാ റിസോഴ്‌സ് പേഴ്‌സൺ കെ.റിയാസ് നേതൃത്വം നൽകി.

Tuesday, August 1, 2023

എൻ.എസ്.എസ്. ഓറിയന്റേഷൻ ക്ലാസ് - ആഗസ്റ്റ് 01, 2023

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് എൻ.എസ്.എസ്. ഓറിയന്റേഷൻ നൽകി. ചെർപ്പുളശേരി ഗവ. വി.എച്ച്.എസ്. സ്‌കൂൾ അധ്യാപകനും പാലക്കാട് ജില്ലാ കോർഡിനേറ്ററുമായ കെ. പ്രഭാകരൻ ക്ലാസെടുത്തു.

POCSO Act അധ്യാപക പരിശീലനം - ആഗസ്ത് 01, 2023

ബഹു. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അധ്യാപകർക്ക് പോക്സോ ആക്ടുമായി ബന്ധപ്പെട്ട ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി അധ്യാപക പരിശീലനം നടത്തി. ജില്ലാ റിസോഴ്‌സ് പേഴ്‌സണായ കെ.റിയാസ് ക്ലാസ് കൈകാര്യം ചെയ്തു.

Monday, July 31, 2023

മോഡൽ സ്‌കൂൾ അലുമ്‌നി - യു.എ.ഇ. ചാപ്റ്റർ സ്‌കൂളിന് ഇൻസിനറേറ്റർ നൽകി

പെരിന്തൽമണ്ണ മോഡൽ ഹൈസ്‌കൂൾ അലുമ്‌നി - യു.എ.ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും സ്‌കൂളിന് ഇൻസിനറേറ്റർ നൽകുന്ന ചടങ്ങും സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാൻ പി.ഷാജി ഉദ്‌ഘാടനം ചെയ്തു. എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

ക്ലാസ് റൂമുകളിലേക്ക് വൈറ്റ് ബോർഡ് നൽകി പെരിന്തൽമണ്ണ സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്ക്

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ ക്ലാസ് മുറികളിലേക്ക് പെരിന്തൽമണ്ണ സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് വൈറ്റ് ബോർഡുകൾ നൽകി. ചടങ്ങ് ബാങ്ക് പ്രസിഡന്റ് ചേരിയിൽ മമ്മിക്കുട്ടി ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ് അധ്യക്ഷം വഹിച്ചു. മുൻ കൗൺസിലർ തെക്കത്ത് ഉസ്മാൻ ആശംസകൾ നേർന്നു. വി.സി. മുഹമ്മദ് നസീൽ സ്വാഗതവും പി.റസ്‌മ നന്ദിയും പറഞ്ഞു.

Wednesday, July 26, 2023

രക്തദാന ക്യാമ്പ് - ജൂലൈ 26, 2023

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ  വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഗവ. ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. എൻ.എസ്.എസ്. വളണ്ടിയർമാർ കണ്ടെത്തി കൊണ്ടുവന്ന 50 രക്തദാതാക്കൾ ക്യാംപിൽ പങ്കെടുത്തു. 27 യൂണിറ്റ് രക്തം ബ്ലഡ് ബാങ്കിന് സംഭാവന നൽകി. പൂർവ വിദ്യാർത്ഥികളും വളണ്ടിയർമാരുമായ മബ്‌റൂക്, സിനാൻ എന്നിവരും ക്യാംപിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത് ഒന്നാം വർഷ വളണ്ടിയർമാർക്ക് പ്രചോദനമായി. പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ് രക്തദാനം നിർവഹിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ പി.റസ്‌മ, അധ്യാപകരായ വി.സി. മുഹമ്മദ് നസീൽ, വി.ഇസഹാക്ക് എന്നിവർ നേതൃത്വം നൽകി.

Friday, July 21, 2023

ചാന്ദ്രദിനം ക്വിസ് - ജൂലൈ 21, 2023

ചന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്.,  കരിയർ ഗൈഡൻസ് സെല്ലുകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രോഗ്രാം. കരിയർ മാസ്റ്റർ കെ.റിയാസ് നേതൃത്വം നൽകി. രണ്ടാം വർഷ വിദ്യാർത്ഥിനി ഫാത്തിമത്ത് സന, ഒന്നാം വർഷ വിദ്യാർത്ഥി റിഷാദ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

Saturday, July 15, 2023

മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ - ജൂലൈ 15, 2023

എൻ.എസ്.എസ്. യൂണിറ്റ് പദ്ധതി നിർവഹണ പ്രദേശമായ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി അഞ്ചാം വാർഡിലെ മണൽകുഴി തോട്ടത്തിൽ വളണ്ടിയർമാർ വിവിധ പ്രവർത്തനങ്ങൾ നടത്തി.

മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി രോഗപ്രതിരോധ കലണ്ടർ വിതരണം ചെയ്തു. ജല സ്രോതസുകൾ അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി വീടുകളിലെ കിണറുകൾ ക്ളോറിനേഷൻ ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറി വീട്ടുമുറ്റത്തു തയ്യാറാക്കുന്നതിന്റെ ഭാഗമായി 10 വീടുകളിൽ അടുക്കളത്തോട്ടം നിർമിച്ചു നൽകി.

Friday, July 14, 2023

ചാന്ദ്രയാൻ -3 വിക്ഷേപണം തത്സമയം - ജൂലൈ 14, 2023

ചന്ദ്രയാൻ-3 യുടെ വിക്ഷേപണം ഐഎസ്ആർഒ വെബ്സൈറ്റിൽ തത്സമയം സംപ്രേക്ഷണം ചെയ്തത് സ്‌കൂൾ കരിയർ സെല്ലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കാണുന്നതിനുള്ള അവസരം ഒരുക്കി. രാജ്യത്തിന്റെ അഭിമാന പ്രോജക്ടിന് വിദ്യാർത്ഥികൾക്കും സാക്ഷ്യം വഹിക്കാനായി. കരിയർ മാസ്റ്റർ കെ.റിയാസ് നേതൃത്വം നൽകി. 

എൻ.എസ്.എസ്. അവെയർനെസ് - ജൂലൈ 14, 2023

ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് എൻ.എസ്.എസ്. സെൽ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനായി അവെയർനസ്സ് ക്ലാസ് നൽകി. എൻ.എസ്.എസ്. വളണ്ടിയർമാരായ സാരംഗ്, ഷിബില, ഹിബ തുടങ്ങിയവർ യൂണിറ്റ് അനുഭവങ്ങൾ പങ്കുവെച്ചു. പ്രോഗ്രാം ഓഫീസർ റസ്‌മ നേതൃത്വം നൽകി.

Monday, July 10, 2023

സൈബർ അവെയർനസ് ക്ലാസ് - ജൂലൈ 10, 2023

സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റും കരിയർ സെല്ലും സംയുക്തമായി "സൈബർ യുഗത്തിലെ കൗമാര ഇടപെടലുകൾ" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. യും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ ഫിലിപ്പ് മമ്പാട് ക്ലാസെടുത്തു. സൈബർ കാലഘട്ടത്തിലെ സാധ്യതകളും ചതിക്കുഴികളും ലഹരിക്കടിമപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളും വളരെ ലളിതമായി കുട്ടികളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ കെ. ബാബുരാജൻ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ എം.പി.രാജീവ് ബോസ്, ഹെഡ്മാസ്റ്റർ പി.സക്കീർ ഹുസൈൻ, എൻ.എസ്എസ്. പ്രോഗ്രാം ഓഫീസർമാരായ പി.റസ്‌മ, പി.ഗീത, എൻ.എസ്.എസ്‌. വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

Wednesday, July 5, 2023

നവീനം 2023 - ജൂലൈ 05, 2023

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്ന "നവീനം 2023" സെമിനാർ നഗരസഭാ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ നസീറ ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ് സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡൻ്റ് കിനാതിയിൽ സാലിഹ്, വൈസ് പ്രസിഡൻ്റ് പി. യൂസഫ്, എക്സിക്യുട്ടീവ് അംഗം സുഹറ, ഹെഡ്മാസ്റ്റർ പി.സക്കീർ ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു. കരിയർ മാസ്റ്റർ കെ. റിയാസ് സെമിനാർ കൈകാര്യം ചെയ്തു. വിദ്യാർത്ഥി പ്രതിനിധി പി.സാരംഗ് നന്ദി പറഞ്ഞു. വി.എച്ച്.എസ്. ഇ. കരിയർ ഗൈഡൻസ് & കൗൺസലിങ് സെല്ലിൻ്റെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാം നടന്നത്.


Monday, June 26, 2023

ലഹരി വിരുദ്ധ ദിനാചരണം - ജൂൺ 26, 2023

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി, തെരുവ് നാടകം, പ്രസംഗ മത്സരം ഇവ സംഘടിപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.റസ്‌മ, കരിയർ മാസ്റ്റർ കെ.റിയാസ് എന്നിവർ നേതൃത്വം നൽകി.

Friday, June 23, 2023

ഡ്രൈ ഡേ - ജൂൺ 23, 2023

മഴക്കാലത്തിന് മുന്നോടിയായി സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിന് തുടക്കമായി. എല്ലാ വെള്ളിയാഴ്ചകളും "ഡ്രൈ ഡേ" ആയി ആചരിക്കാൻ തീരുമാനിച്ചത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ പരിസരവും  ക്ലാസ് മുറികളും വിദ്യാർത്ഥികൾ ശുചിയാക്കി. പ്ലാസ്റ്റിക് രഹിത ക്യാംപസ് പ്രഖ്യാപനം നടത്തി. 

മെഹന്തി ഫെസ്റ്റ് - ജൂൺ 23, 2023

പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങിയ കലകളും പ്രദർശിപ്പിച്ചു. വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. സെൽ ഫെസ്റ്റിന് നേതൃത്വം നൽകി.

Wednesday, June 21, 2023

അന്താരാഷ്‌ട്ര യോഗാ ദിനം - ജൂൺ 21, 2023

അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി യോഗാ പരിശീലനം നൽകി. വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം നടന്നത്. യോഗാ ട്രെയിനർ സൈനുലാബ്ദീൻ നേതൃത്വം നൽകി. പ്രോഗ്രാം ഓഫീസർ പി. റസ്‌മ, കരിയർ മാസ്റ്റർ കെ. റിയാസ് തുടങ്ങിയവർ പങ്കെടുത്തു.

Monday, June 19, 2023

ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി എൻ.എസ്.എസ്. വളണ്ടിയർമാർ - ജൂൺ 19, 2023

വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വളണ്ടിയർമാർ വായനാ ദിനാചരണത്തിന്റെ ഭാഗമായി അൻപതോളം പുസ്തകങ്ങൾ പെരിന്തൽമണ്ണ സബ് ട്രഷറിയിൽ പ്രവർത്തിക്കുന്ന പി.ടി. അരുൺ കുമാർ സ്മാരക ലൈബ്രറിയിലേക്ക് സംഭാവന നൽകി. സബ് ട്രഷറി ഓഫീസർ ടി.എച്ച്.ഇബ്രാഹിം കുട്ടികളുമായി സംവദിച്ച് വായനാദിന ആശംസകൾ നൽകി. ട്രഷറി സൂപ്രണ്ട്  ഷുക്കൂർ, രാജീവൻ, ലൈബ്രേറിയൻ രമ്യ,ഉദയപ്രകാശ്, പ്രിൻസിപ്പൽ രാജീവ് ബോസ്, പ്രോഗ്രാം ഓഫീസർ പി.റസ്‌മ, വളണ്ടിയർ ലീഡർ പി.സാരംഗ് തുടങ്ങിയവർ പങ്കെടുത്തു.

വായനാദിനം ആചരിച്ചു - ജൂൺ 19, 2023

വായനാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്‌കൂളിൽ സംഘടിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ഓരോ ക്ലാസ് റൂമിലും "അക്ഷരക്കൂട്ട്" എന്ന പേരിൽ ക്ലാസ് ലൈബ്രറി സ്ഥാപിച്ചു. പ്രസ്തുത പരിപാടി സ്‌കൂൾ പി.ടി.എ.നിർവാഹക സമിതി അംഗം പി.സുഹറ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.റിയാസ്, സി.അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു. മലയാള ഭാഷയുമായി ബന്ധപെട്ട് "മധുരം മലയാളം" എന്ന പേരിൽ മത്സരം സംഘടിപ്പിച്ചു.

Thursday, June 15, 2023

ആർ.എൻ.മനഴി എൻഡോവ്മെൻറ് - ജൂൺ 15, 2023

2023 മാർച്ച് പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നതിനായി പെരിന്തൽമണ്ണ നഗരസഭ നൽകി വരുന്ന ആർ.എൻ. മനഴി എൻഡോവ്മെൻറ് പുരസ്‌കാര ചടങ്ങ് അലങ്കാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും മട്ടന്നൂർ എം.എൽ.എ.യുമായ ശൈലജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. പെരിന്തൽമണ്ണ നഗരസഭാ അധ്യക്ഷൻ പി.ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ നസീറ ടീച്ചർ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മൻസൂർ നെച്ചിയിൽ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. 100% വിജയം നേടി മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. സ്‌കൂളിനുള്ള അവാർഡ് പ്രിൻസിപ്പൽ എം.പി.രാജീവ് ബോസ് ഏറ്റുവാങ്ങി.

Wednesday, June 14, 2023

ലോക രക്തദാന ദിനം - ജൂൺ 14, 2023

ലോക രക്തദാന ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നൽകി. അധ്യാപകനായ വി.ഇസ്‌ഹാഖ്‌ ക്ലാസ് കൈകാര്യം ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.റസ്‌മ നേതൃത്വം നൽകി.

Tuesday, June 13, 2023

റീഡിങ് കോർണറിൽ ഇനി തൊഴിൽ പ്രസിദ്ധീകരണങ്ങളും

പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിന്റെ ഭാഗമായി സ്‌കൂൾ റീഡിങ് കോർണർ സജീവമായി. വിവിധ പത്രങ്ങളോടൊപ്പം തൊഴിൽ പ്രസിദ്ധീകരണമായ തൊഴിൽ വാർത്തയും ഇനി മുതൽ റീഡിങ് കോർണറിൽ ലഭ്യമാവും. തൊഴിൽ രംഗത്തുള്ള ട്രെൻഡുകൾ മനസിലാക്കുന്നതിന് ഇത് സഹായകമാവും എന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അദ്ധ്യാപകൻ കെ.റിയാസ് പറഞ്ഞു. പ്രിൻസിപ്പൽ രാജീവ് ബോസ് പ്രവർത്തനം ഉദ്‌ഘാടനം ചെയ്തു.

ജില്ലാ ആശുപത്രിക്ക് പാലിയേറ്റിവ് ഉപകരണങ്ങൾ കൈമാറി എൻ.എസ്.എസ്. യൂണിറ്റ്

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ് "ന്യൂസ് പേപ്പർ ചലഞ്ചി"ലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ പാലിയേറ്റിവ് ഉപകരണങ്ങളും അഡൽട്ട് ഡയപ്പറുകളും ജില്ലാ ആശുപത്രി പാലിയേറ്റിവ് യൂണിറ്റിന് കൈമാറി. വളണ്ടിയർമാർ സമ്മർ ക്യാമ്പിന്റെ ഭാഗമായി "ആത്മകം" പ്രോജക്റ്റ് ന്റെ ഭാഗമായി വീടുകളിൽ നിന്നാണ് പഴയ ന്യൂസ് പേപ്പറുകൾ ശേഖരിച്ചത്. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരായ ബിജു, ഡാലിയ, ദിനേശ്, സുനിൽ, എൻ.എസ്.എസ്. വളണ്ടിയർമാരായ നിവേദ്, ഇഹ്‌സാൻ, അരുൺദാസ്, വർഷ, അലാന തുടങ്ങിയവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ പി. റസ്‌മ നേതൃത്വം നൽകി.

Friday, June 9, 2023

വിജയാരവം 2023 - ജൂൺ 09, 2023

2022-23 വർഷത്തിൽ വിദ്യാലയത്തിൽ നിന്നും എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ നസീറ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മൻസൂർ നെച്ചിയിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഹുസൈന നാസർ, പി.ടി.ഏ. പ്രസിഡന്റ് കിനാതിയിൽ സാലിഹ് തുടങ്ങിയവർ പങ്കെടുത്തു.

Monday, June 5, 2023

പരിസ്ഥിതി ദിനം ആചരിച്ചു - ജൂൺ 05, 2023

പെരിന്തൽമണ്ണ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എ.കെ. മുസ്തഫ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ പെരിന്തൽമണ്ണ നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മൻസൂർ നെച്ചിയിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകയും വനമിത്ര പുരസ്‌കാര ജേതാവുമായ ഗിരിജ ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ബാബുരാജ്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, ഹരിത സേന കോർഡിനേറ്റർ കെ.ബി. ഉമ തുടങ്ങിയവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി UNEP #beatplasticpollution ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു.

Saturday, June 3, 2023

വിജയഭേരി എക്സലൻസ് അവാർഡ് - ജൂൺ 03, 2023

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 100% വിജയം നേടിയ വിദ്യാലയങ്ങൾക്കുള്ള വിജയഭേരി എക്സലൻസ് അവാർഡ് സ്‌കൂൾ പ്രിൻസിപ്പൽ ബഹു. എം.എൽ.എ. പി. ഉബൈദുള്ളയിൽ നിന്നും എറ്റുവാങ്ങി. മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടിയ ഫിദ.സി. വിദ്യാർത്ഥികൾക്കുള്ള അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീക്കയിൽ നിന്നും സ്വീകരിച്ചു.

Thursday, June 1, 2023

പ്രവേശനോത്സവം 2023 - ജൂൺ 01, 2023

സ്‌കൂൾ പ്രവേശനോത്സവം പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ഷാൻസി നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ നസീറ ടീച്ചർ, സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്, വാർഡ് കൗൺസിലർ ഹസീന തുടങ്ങിയവർ പങ്കെടുത്തു. 

Tuesday, May 30, 2023

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം - അപേക്ഷ ജൂൺ 2 മുതൽ 9 വരെ

ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ജൂൺ 2-ന് ആരംഭിച്ച് ജൂൺ 9-ന് അവസാനിക്കും. ജൂൺ 13-ന് ട്രയൽ അലോട്ട്മെന്റും ജൂൺ 19-ന് ആദ്യ അലോട്ട്മെന്റും നടക്കും. ജൂലൈ 5-ന് ക്ളാസുകൾ ആരംഭിക്കും.

www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ www.vhscap.kerala.gov.in വഴിയോ  അപേക്ഷിക്കാം.

Sunday, May 28, 2023

എൻ.എസ്.എസ്. സമ്മർ ക്യാമ്പ്: REVIVE - മെയ് 27, 28, 2023

എൻ.എസ്.എസ്. യൂണിറ്റിന്റെ സമ്മർ ക്യാമ്പ് "റിവൈവ്" മെയ് 27, 28 തിയ്യതികളിലായി സ്‌കൂളിൽ വെച്ച് നടന്നു. സ്‌കൂൾ പി.ടി.എ. പ്രസിഡൻറ് ശ്രീ. കിനാതിയിൽ  സാലിഹ് ഉദ്ഘാടനം ചെയ്തു. കൊപ്പം സ്‌കൂളിലെ ഗണിതാധ്യാപകനും റിസോഴ്‌സ് പേഴ്സണുമായ ഡോ. ഷനാസ് ബാബു വോളന്റിയർ ഓറിയെന്റേഷൻ സെഷൻ കൈകാര്യം ചെയ്തു. കുട്ടികൾ ന്യൂസ് പേപ്പർ ചലഞ്ച് വഴി സമാഹരിച്ച പഴയ ന്യൂസ്‌പേപ്പറുകൾ സ്‌കൂളിൽ സമാഹരിച്ചു. ഇത് വിറ്റ് കിട്ടുന്ന തുക പെയിൻ & പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.

പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ ഏ.എസ്.ഐ. ശ്രീ. ടി. അബ്ബാസ് നിയമലംഘനങ്ങളും യുവജനങ്ങളും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. തുടർന്ന് സ്‌കൂൾ ക്യാമ്പസ് ലഹരി വിരുദ്ധ പ്രദേശമായി പ്രഖ്യാപിച്ചു. സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നടന്ന ക്യാമ്പസ്സ് ക്ളീനിംഗിലും വളണ്ടിയർമാർ പങ്കെടുത്തു. 

Thursday, May 25, 2023

വി.എച്ച്.എസ്.ഇ. പൊതുപരീക്ഷയിൽ 100% വിജയം നേടി പെരിന്തൽമണ്ണ സ്‌കൂൾ

2023 മാർച്ച് പൊതുപരീക്ഷയിൽ 100% വിജയം നേടി പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. ജില്ലയിൽ ഒന്നാമതെത്തി. മലപ്പുറം ജില്ലയിൽ സമ്പൂർണ്ണ വിജയം നേടിയ ഏക ഗവ.സ്‌കൂൾ കൂടിയാണ് ഇത്. 59 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടിയ FHW കോഴ്‌സിലെ സി.ഫിദയാണ്  സ്‌കൂൾ ടോപ്പർ. MET കോഴ്‌സിലെ റിയ അഷറഫ് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷവും സ്ക്കൂളിന് നൂറ് ശതമാനം വിജയം ലഭിച്ചിരുന്നു.

Saturday, January 14, 2023

പാലിയേറ്റിവ് ഹോം കെയർ

പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ ഭാഗമായി പെരിന്തൽമണ്ണ ഗവ. ഹോസ്പിറ്റൽ പാലിയേറ്റിവ് ക്ലിനിക്കുമായി ചേർന്ന് എൻ.എസ്.എസ്. വളണ്ടിയർമാർ ആഴ്ചയിൽ മൂന്ന് ദിവസം ഹോം കെയർ പോയി തുടങ്ങി. ഓരോ ദിവസവും ഏഴോ എട്ടോ രോഗികളെ സന്ദർശിക്കുകയും അവരുടെ പരിചരണത്തിൽ ഏർപ്പെടുകയും വഴി വളണ്ടിയര്മാരിൽ കിടപ്പു രോഗികളോടുള്ള സഹാനുഭൂതിയും സ്നേഹവും പരിചരണ മനോഭാവവും വളർത്താൻ സാധിക്കുന്നു.

Friday, January 13, 2023

റോഡ് സുരക്ഷാ വാരാചരണം - ജനുവരി 13, 2023

നല്ല ഡ്രൈവിങ് ശീലങ്ങളെക്കുറിച്ചും ലൈസൻസ് എടുക്കുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആക്സിഡന്റ് ഉണ്ടാകുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങളെ കുറിച്ചും പെരിന്തൽമണ്ണ ലീഗൽ സൊസൈറ്റിയുടെ പാനൽ ലോയർ ആയ അഡ്വ. കെ.ടി. അബൂബക്കർ എൻ.എസ്.എസ്. വളണ്ടിയര്മാര്ക്ക് ക്ലാസ് നൽകി. റാപ്പിഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (RAAF) പെരിന്തൽമണ്ണ ചാപ്റ്ററിന്റെ ഭാരവാഹികൾ വളണ്ടിയര്മാര്ക്ക് റോഡ് സുരക്ഷാ ലഘുലേഖകൾ വിതരണം ചെയ്തു.

Thursday, January 12, 2023

ദേശീയ യുവജന ദിനാഘോഷം - ജനുവരി 12, 2023

സ്‌കൂളിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനാഘോഷം നടന്നു. ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വളണ്ടിയർ ലീഡർ ഷിബിന ഷെറിൻ സംസാരിച്ചു. തുടർന്ന് കഥാ, കവിതാ രചനാ മത്സരങ്ങളും പഞ്ചഗുസ്തി, കബഡി തുടങ്ങിയ കായിക മത്സരങ്ങളും നടന്നു. വിദ്യാർത്ഥികളുടെ ഫാഷൻ ഷോയും ആഘോഷത്തിന്റെ ഭാഗമായി നടന്നു.

"സ്പന്ദനം 2022" സുവനീർ പ്രകാശനം

സപ്തദിന സഹവാസ ക്യാമ്പ് അനുഭവങ്ങൾ ഉൾക്കൊള്ളിച്ച് സ്പന്ദനം 2022 എന്ന പേരിൽ സുവനീർ പ്രകാശനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, എൻ.എസ്.എസ്. വളണ്ടിയർമാർ പങ്കെടുത്തു.

Sunday, January 1, 2023

എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് "സ്പന്ദനം" സമാപിച്ചു.

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് "സ്പന്ദനം" സമാപിച്ചു. പട്ടിക്കാട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ഡിസംബർ 26-ന് ആരംഭിച്ച ക്യാമ്പിന്റെ ഭാഗമായി വിവിധ വകുപ്പുകളുമായി ചേർന്ന് സാമൂഹ്യ പ്രാധ്യാന്യമുള്ളതും കാലിക പ്രസക്തവുമായ നിരവധി പ്രോജക്ടുകൾ പൂർത്തിയാക്കി.

"ദൃഢഗാത്രം" പ്രോജക്ടിന്റെ ഭാഗമായി പ്രൈമറി ഹെൽത്ത് സെന്ററുമായി സഹകരിച്ച് സൗജന്യ ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പ്, വനിതാ ശിശുക്ഷേമ വകുപ്പുമായി സഹകരിച്ച് "സമജീവനം" ക്യാംപയിൻ, "സജ്ജം" എന്ന പേരിൽ ഫയർ & റെസ്ക്യൂ സ്റ്റേഷനുമായി സഹകരിച്ച് എമർജൻസി റെസ്‌പോൺസ്‌ ട്രൈനിങ്, മലപ്പുറം ജില്ലാ ട്രോമാകെയറുമായി സഹകരിച്ച് പരിശീലനം ഇവ സംഘടിപ്പിച്ചു. ലഹരിക്കെതിരെ യെല്ലോ ലൈൻ ക്യാംപയിൻ, മെസ്സേജ് മിറർ, "ബോധപൂർവം പുതുവർഷത്തോടൊപ്പം" എന്ന പേരിൽ ലഹരി വിരുദ്ധ സഭ, ലഹരിക്കെതിരെ ജാഗ്രതാ ബോർഡ് സ്ഥാപിക്കൽ ഇവയും ക്യാമ്പിന്റെ ഭാഗമായി നടന്നു.

"സമർപ്പിതം" സെഷനോടനുബന്ധിച്ച് വളന്റിയര്മാര്ക്ക് പാലിയേറ്റീവ് ട്രെയിനിങ് ലഭ്യമാക്കി. അച്ചാർ നിർമ്മാണം, എൻ.ഇ.ഡി. ബൾബ് നിർമാണം തുടങ്ങിയ സ്‌കിൽ സെഷനുകളും ഉണ്ടായിരുന്നു.

വളണ്ടിയർമാർ പൈതൃക സ്ഥലമായ പൂന്താനം ഇല്ലം സന്ദർശിച്ചു. സാകേതം വൃദ്ധാശ്രമ സന്ദർശനവും നടന്നു.